കോട്ടയം: കാലവാസ്ഥയിലുണ്ടായ പുതിയ പ്രതിഭാസമായ എല്‍നിനോയുടെ സാഹചര്യത്തില്‍ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ നെല്‍കൃഷിയുടെ ഒരു വിള വേണ്ടെന്നു വച്ചതോടെ കേരളത്തില്‍ അരിവില ഉയരുന്നു. എല്‍നിനോയുടെ സാഹചര്യത്തില്‍ പരമാവധി കുടിവെള്ളം സംരക്ഷിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒരുവിള വേണ്ടന്നു വയ്ക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി തന്നെ കൃഷിക്കാരോട് ഇതിനുള്ള അഭ്യര്‍ഥന മുന്നോട്ടു വച്ചുകഴിഞ്ഞു. ആന്ധ്രയില്‍ കാര്‍ഷിക കൂട്ടായ്മകള്‍തന്നെ അടുത്തൊരു കൃഷി വേണ്ടെന്നു വയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു.
വിവിധ മില്ലുകള്‍ക്കുവേണ്ടി നെല്ല് സംഭരിക്കുന്ന ഏജന്‍സികള്‍ നല്കുന്ന മുന്നറിയിപ്പ് പ്രകാരം അരി വില ഇനിയും കൂടുമെന്നാണ് പറയുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സബ്സിഡി നല്കി പൊതുവിപണിയില്‍ ഇടപെട്ടില്ലെങ്കില്‍ സ്ഥിതി മോശമാകും. മട്ടയരി വില ഓണത്തിന് തൊട്ടുമുമ്പ് കിലോഗ്രാമിന് 60 രൂപയെത്തിയിരുന്നു. 55 രൂപയിലേക്ക് കുറഞ്ഞ അരിവില ഇന്നലെ കിലോഗ്രാമിന് 58ലെത്തി. സുരേഖ അരിയുടെ വില 48ലുമെത്തി. പൊന്നിയരിക്ക് 40രൂപയുമായി.
പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നീനോ കാലാവസ്ഥാ പ്രതിഭാസം മൂലം ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇത്തവണ ദുര്‍ബലമായിരുന്നു. രാജ്യത്തെ പ്രധാന ഖാരിഫ് സീസണ് വിളയായ നെല്ലിന് വലിയ തോതില്‍ ജലം ആവശ്യമാണ്. ഈ സീസണില്‍ മഴകുറഞ്ഞതോടെ കര്‍ഷകര്‍ നെല്‍കൃഷിയുടെ വ്യാപ്തി കുറയ്ക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തിരുന്നു. ഇതു മുന്നില്‍ കണ്ട് രാജ്യത്തെ മൊത്തവ്യാപാരികള്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചില്ലറ വില്പന വിപണിയിലെ ലഭ്യത കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതു കേരളത്തിലെ വിപണിയില്‍ അരിവില ഒരു മാസത്തിനുള്ളില്‍ കിലോയ്ക്ക് അഞ്ചു രൂപ വര്‍ധിക്കുന്ന സ്ഥിതിയിലേക്ക് എത്തി.
തെലങ്കാനയില്‍ ഡാമുകളില്‍ പാതിയില്‍ താഴെയാണ് ജല ശേഖരം. മണ്‍സൂണ്‍ 28 ശതമാനം കുറവാണ് കിട്ടിയത്. എട്ട് മുതല്‍ 10 മാസം വരെ കുടിവെള്ളത്തിന് കരുതല്‍ വേണ്ടിവരുമെന്നാണ് സ്ഥിതി. ജലക്ഷാമം 1.3 ദശലക്ഷം ഹെക് ടര്‍ പാടങ്ങളെ ബാധിക്കുമെന്നാണ് പറയുന്നത്. ആന്ധ്രയില്‍ 51 ശതമാനമാണ് മഴക്കുറവ്. 122 മേഖലകളില്‍ അതിരൂക്ഷമായ വരള്‍ച്ച ബാധിക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. നെല്‍കൃഷി ഇടങ്ങളില്‍ 1.26 ലക്ഷം ഹെക്ടറിന്റെ കുറവാണ് കര്‍ണാടകത്തില്‍. 3.09 ലക്ഷം ഹെക് ടറിലാണ് ഇപ്പോള്‍ തന്നെ കുറവ് വന്നത്.
തമിഴ്നാട്ടിലും നെല്‍കൃഷി വളരെ മോശമാണ്. ജലക്കുറവ് പ്രതീക്ഷിക്കുന്നതിനാല്‍ പല മേഖലകളിലും വിത ഒഴിവാക്കിയിട്ടുണ്ട്. ആദ്യ സീസണില്‍ 28 ശതമാനം പാടങ്ങളില്‍ കൃഷി ഇറക്കിയിട്ടില്ല. നാല് ലക്ഷം ഹെക്ടറിന്റെ കുറവാണ് പോയ വര്‍ഷത്തെ ഈ സീസണെ അപേക്ഷിച്ചുള്ളത്.
എഥനോള്‍ ഉത്പാദനത്തിന്റെ പ്രധാന അസംസ്കൃത വസ്തുവായ ചോളം കൃഷിയിലേക്ക് നെല്‍കര്‍ഷകര്‍ തിരിഞ്ഞതും അരി വില വര്‍ധനയ്ക്കു കാരണമായി. രാജ്യത്തു പെട്രോളില്‍ (ഇ20) എഥനോള്‍ കലര്‍ത്തുന്നതിനാല്‍, ചോളത്തിന് ഇപ്പോള്‍ വന്‍ ഡിമാന്റാണ്. കാലിത്തീറ്റ നിര്‍മാണത്തിലെ പ്രധാന അംസ്കൃത വസ്തുവായ ചോളത്തിന്റെ ലഭ്യതക്കുറവ് മൂലം കാലിത്തീറ്റയുടെ വിലയും ഉയര്‍ന്നു. എഥനോള്‍ നിര്‍മാണത്തിന് അരിയുള്‍പ്പെടെയുള്ള ധാന്യങ്ങളും ഉപയോഗിക്കാന്‍ അനുമതി നല്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്.
