(ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം ദീപികയിലെഴുതിയ ലേഖനം)
കേരളഅസീസി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന, കേരളത്തിൽ ഫ്രാൻസിസ്കൻ മൂന്നാംസഭയ്ക്ക് ആരംഭംകുറിച്ച പുണ്യചരിതനായ ദൈവദാസൻ പുത്തൻപറന്പിൽ തൊമ്മച്ചൻ എന്ന താപസൻ ദിവംഗതനായിട്ട് നാളെ 118 വർഷം പൂർത്തിയാകുന്നു. 1836 ജൂലൈ എട്ടാം തീയതി ഭൂജാതനായ തൊമ്മച്ചന്റെ കാലഘട്ടത്തിലെ മതപരവും സാമൂഹികവുമായ ജീവിതത്തിൽ കാതലായ സ്വാധീനം ചെലുത്തിയ അസാധാരണ വ്യക്തിത്വമായിരുന്നു തൊമ്മച്ചന്റേത്. എടത്വയിലെ ഒരു സന്പന്നകുടുംബത്തിൽ മാതാപിതാക്കളുടെ ഏകസന്താനമായിരുന്ന തൊമ്മച്ചൻ വലിയ കുടുംബസ്വത്തിന്റെ ഏക അവകാശിയുമായിരുന്നു. എന്നാൽ ഈ ഭൗതികസന്പത്തിന്റെ ആസ്വാദ്യതയ്ക്കോ ആഡംബരജീവിതസാധ്യതയ്ക്കോ ഒട്ടുംതന്നെ വഴിപ്പെടാൻ തൊമ്മച്ചൻ എന്ന യുവാവ് തയാറായില്ല.
ത്യാഗനിർഭരമായ താപസജീവിതത്തോട് സ്വതേ അഭിമുഖ്യം ഉണ്ടായിരുന്ന തൊമ്മച്ചൻ കുടുംബജീവിതത്തിലേക്കു പ്രവേശിക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, ഇളംപ്രായത്തിൽതന്നെ പിതാവിനെ നഷ്ടപ്പെട്ട തൊമ്മച്ചനെ വാത്സല്യപൂർവം വളർത്തിയ അമ്മയുടെ കണ്ണീരിൽ കുതിർന്ന ആഗ്രഹമനുസരിച്ച് ഇരുപതാമത്തെ വയസിൽ വിവാഹിതനായി. ഈ വിവാഹവും കുടുംബജീവിതവും സഭയിലും സമൂഹത്തിലും പുതിയൊരു ആത്മീയവിപ്ലവത്തിന്റെ ആരംഭമായിരുന്നു.
തമിഴ് ഭാഷയിൽ പ്രാഗത്ഭ്യംനേടിയ തൊമ്മച്ചൻ ആ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ബൈബിളും അസീസിയിലെ ഫ്രാൻസിസിന്റെ ചരിത്രവും വായിച്ചു പഠിച്ചു. ഫ്രാൻസിസ് അസീസിയുടേതിനു സമാനമായ ലളിതജീവിതത്തോട് ചെറുപ്പത്തിൽതന്നെ ആകർഷണമുണ്ടായിരുന്ന തൊമ്മച്ചൻ ആ ചൈതന്യം തന്റെ കുടുംബജീവിതത്തിലും തുടർന്നു. ഭാര്യയോടും മക്കളോടും ഉത്തരവാദിത്വമുള്ള ഒരു ഭർത്താവും അപ്പനും കുടുംബനാഥനുമെന്ന നിലയിൽ കടമകൾ നിർവഹിക്കുന്നതിൽ വീഴ്ചവരുത്താതെതന്നെ, ഫ്രാൻസിസ് അസീസിയെപ്പോലെ ദാരിദ്രാരൂപിയിൽ അഗാധമായ എളിമയുടെയും അനുസരണത്തിന്റെയും താപസ ജീവിതം നയിക്കാൻ സാധിക്കുമെന്നു തെളിയിച്ച ആത്മീയ നവോത്ഥാനനായകനാണ് പുത്തൻപറന്പിൽ തൊമ്മച്ചൻ എന്ന അല്മായ വിശ്വാസി.
സമാനമായ ആഗ്രഹവും ആഭിമുഖ്യവുമുള്ള മറ്റു ചില സുഹൃത്തുക്കളും തൊമ്മച്ചനോടൊപ്പം ചേർന്നു. പ്രാർഥനയും നോന്പും ഉപവാസവും തപസും ദാനധർമവും പഠനവുമൊക്കെ അവരുടെ ജീവിതത്തിന്റെ ഭാഗമായി. തൊമ്മച്ചൻ തന്റേതായ രീതിയിൽ ഒരു ജീവിതക്രമവും നിയമാവലിയുമൊക്കെ തയാറാക്കി.
ഇപ്രകാരം ഫ്രാൻസിസ്കൻ ചൈതന്യത്തിൽ ഈശോയെ സ്നേഹിക്കാനും പിൻചെല്ലാനും കുടുംബജീവിതം നയിക്കുന്ന അല്മായർക്കും സാധിക്കില്ലേ എന്നു ചിന്തിച്ച് അതിനുള്ള മാർഗങ്ങൾ ആരായുന്ന അവസരത്തിലാണ് ഫ്രാൻസിസ് അസീസിയുടെ അല്മായർക്കുവേണ്ടിയുള്ള ഫ്രാൻസിസ്കൻ മൂന്നാം സഭയെക്കുറിച്ച് തൊമ്മച്ചന് അറിവു ലഭിക്കുന്നത്. ആവേശഭരിതനായ തൊമ്മച്ചൻ മൂന്നാംസഭയുടെ ഒരു നിയമാവലി സംഘടിപ്പിച്ച് അതനുസരിച്ച് കേരളസഭയിലും ഫ്രാൻസിസ്കൻ മൂന്നാംസഭയ്ക്ക് ആരംഭം കുറിച്ചു.
നൂറ്റാണ്ടുകൾക്കുമുന്പ് ഫ്രാൻസിസ് അസീസിയിലൂടെ ജന്മംകൊണ്ടിരുന്ന മൂന്നാം സഭയെക്കുറിച്ച് അറിവില്ലാതിരുന്ന തൊമ്മച്ചൻ, അതേ ആഗ്രഹവും ചൈതന്യവും പുലർത്തിയിരുന്നു എന്നാണല്ലോ ഇതു വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം കേരള അസീസി എന്നറിയപ്പെടുന്നതും.
മൂന്നാം സഭയുടെ പേരിൽ പീഡിതനും അപമാനിതനും
1868 ഡിസംബർ എട്ടിന് കുറുന്പനാടം വിശുദ്ധ അന്തോനീസിന്റെ ദൈവാലയത്തിൽവച്ച് മൂന്നാംസഭയുടേതായ വസ്ത്രം വികാരി പാലാക്കുന്നേൽ വല്യച്ചനിൽനിന്ന് തൊമ്മച്ചൻ സ്വീകരിച്ചു. കുപ്പായവും കയറുകൊണ്ടുള്ള അരക്കെട്ടുമായിരുന്നു വേഷം. വേഷത്തിന്റെ പേരിൽ തൊമ്മച്ചൻ പരിഹസിക്കപ്പെടുകയും ഭ്രാന്തനെന്നു വിളിച്ച് ആക്ഷേപിക്കപ്പെടുകയും ചെയ്തു. മാത്രമല്ല, പുരുഷന്മാർക്ക് ഉടുപ്പു ധരിക്കാൻ അനുവാദമില്ലാതിരുന്ന അക്കാലത്ത്, ആദ്യമായി ഉടുപ്പുധരിച്ച പുരുഷനായിരുന്നു തൊമ്മച്ചൻ. അതിന്റെ പേരിലും കുറ്റം വിധിക്കപ്പെടുകയും ധിക്കാരിയായി മുദ്രകുത്തപ്പെടുകയും ചെയ്തു. എന്നാൽ തന്റെ ഉറച്ചബോധ്യത്തിൽനിന്നും ദൃഢനിശ്ചയത്തിൽനിന്നും തൊമ്മച്ചനെ പിന്തിരിപ്പിക്കാൻ സാധിച്ചില്ല. ക്രമേണ പുരുഷന്മാർ ഉടുപ്പു ധരിക്കുന്നത് വ്യാപകമാകുകയും, അങ്ങനെ സമൂഹത്തിൽ നിലവിലിരുന്ന ഉടുപ്പുനിരോധനം അവസാനിക്കുകയും ചെയ്തു.
പുരുഷന്മാർ ഉടുപ്പു ധരിക്കുന്നത് നിയമവിരുദ്ധവും ധിക്കാരവുമായി കരുതപ്പെട്ടിരുന്ന സ്ഥാനത്ത്, എല്ലാ പുരുഷന്മാരും ഉടുപ്പു ധരിക്കണമെന്നും അത് അന്തസിന്റെ അടയാളമാണെന്നും അറിയിച്ചുകൊണ്ട് മെത്രാൻതന്നെ കത്തെഴുതുകയും ചെയ്തു. തൊമ്മച്ചനെ ധിക്കാരിയായി മുദ്രകുത്തിയ വൈദികൻ, എല്ലാവരും ഉടുപ്പു ധരിക്കണമെന്ന് പള്ളികളിൽ പോയി പ്രസംഗിച്ച് അതിന്റെ പ്രചാരകനുമായി.
ഫ്രാൻസിസ്കൻ മൂന്നാം സഭ കേരളസഭയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ചില അജ്ഞാത ആരോപണങ്ങളുടെപേരിൽ തൊമ്മച്ചൻ ഹ്രസ്വകാലത്തേക്ക് പള്ളിക്കു പുറത്താക്കപ്പെടുകപോലും ചെയ്തു. യാതൊരു എതിർപ്പും കൂടാതെ അദ്ദേഹം അനുസരിച്ചു. പിന്നീട് അദ്ദേഹം മൂന്നാംസഭയുടെ പൊതുതലവനായി നിയമിക്കപ്പെടുകയും ചെയ്തു.
അയിത്തത്തിനും വിവേചനത്തിനുമെതിരേ
ജാതിവ്യവസ്ഥയുടെ പേരിൽ ക്രൂരമായ വിവേചനം നേരിടേണ്ടിവന്നിരുന്നവരായിരുന്നു അധഃകൃതരെന്നും ഹീനജാതികളെന്നുമൊക്കെ മുദ്രകുത്തി മാറ്റിനിർത്തപ്പെട്ടിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ. സവർണജാതികളാൽ അടിച്ചമർത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരുമായിരുന്നു അവർ. അങ്ങനെയുള്ളവരുമായി തൊമ്മച്ചൻ സൗഹൃദം പുലർത്തി. അവരെ കൂടെയിരുത്തി ഒരുമിച്ചു ഭക്ഷണം കഴിച്ചു. വീടില്ലാത്ത സാധുരോഗികളെ സ്വന്തം വീട്ടിൽ താമസിപ്പിച്ച് പരിചരിച്ചു. കുഷ്ഠരോഗികളോടൊപ്പവും ഭക്ഷിച്ചു. ഭാര്യക്കുപോലും ഇക്കാര്യത്തിൽ എതിർപ്പായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഈശോയെ അടുത്തനുകരിച്ച ഫ്രാൻസിസ് അസീസിയായിരുന്നു തൊമ്മച്ചന്റെ മാതൃകാപുരുഷൻ.
ദളിതരുടെയിടയിൽ ശക്തമായ സുവിശേഷസാക്ഷ്യം നൽകാൻ തൊമ്മച്ചനു സാധിച്ചു. ധാരാളം ദളിതർ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. അവരെ വിദ്യഅഭ്യസിപ്പിച്ചു. അധഃകൃതരുമായി ഇടപെട്ടിരുന്നതിനാൽ തൊമ്മച്ചനെയും ചില സവർണജാതികൾ അകറ്റിനിർത്തിയിരുന്നു. ഒരിക്കൽ ഒരു പൊതുകുളത്തിൽനിന്ന് വെള്ളം കോരിയതിന്റെ പേരിൽ ഒരു അലക്കുകാരത്തി തൊമ്മച്ചന്റെ കരണത്തടിച്ചു. തൊമ്മച്ചൻ മറ്റേ കരണംകൂടി കാണിച്ചുകൊടുത്തു. ഇപ്രകാരം അഗാധമായ ക്ഷമയോടും ശാന്തതയോടും പ്രകോപനങ്ങളെ അതിജീവിച്ച ധീരനായിരുന്നു പുത്തൻപറന്പിൽ തൊമ്മച്ചൻ.
താപസനും തീർഥാടകനും
പലപ്പോഴും, പ്രത്യേകിച്ച്, നോന്പുകാലത്ത് മലകളിലും വനാന്തരങ്ങളിലും താമസിച്ച് തൊമ്മച്ചൻ തപസനുഷ്ഠിച്ചിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമൊന്നും അദ്ദേഹത്തെ ഭയപ്പെടുത്തിയിരുന്നില്ല. ഭക്ഷണമൊന്നും കഴിക്കാതെ അനേക ദിവസങ്ങൾ പ്രാർഥനയിലും ധ്യാനത്തിലും ചെലവഴിച്ചിരുന്നു. നോന്പുകാലത്ത് ഭാരമേറിയ മരക്കുരിശേന്തി ആലപ്പുഴ പട്ടണത്തിലൂടെ പരിഹാരപ്രദക്ഷിണം നടത്തുമായിരുന്നു.
മൈലാപ്പൂരിലെ തോമ്മാശ്ലീഹായുടെ കബറിടത്തിങ്കലേക്കും ഗോവയിൽ ഫ്രാൻസിസ് സേവ്യറുടെ കബറിടത്തിങ്കലേക്കും തൊമ്മച്ചൻ കാൽനടയായി തീർഥാടനം നടത്തി. ഒറെശ്ലേമിലേക്കുള്ള തീർഥാടനത്തിന് ഹൈദരാബാദ് വരെ പോയെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം തിരിച്ചുപോരേണ്ടിവന്നു.
സമർപ്പിത സന്യാസിനീസമൂഹങ്ങൾക്കു മാർഗദർശി
തൊമ്മച്ചൻ ആരംഭിച്ച മൂന്നാം സഭയുടെ ചൈതന്യത്താലാകർഷിക്കപ്പെട്ട് ആരംഭിച്ച സ്ത്രീകളുടെ ആദ്യ മൂന്നാം സഭാംഗങ്ങളായിരുന്നു ഫ്രാൻസിസ്കൻ-ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിലെ (എഫ്സിസി) പ്രഥമാംഗങ്ങൾ. അവർക്കു ആദ്യപരിശീലനം നൽകിയതും തൊമ്മച്ചനായിരുന്നു. അതിനാൽ ഈ സമർപ്പിതസമൂഹത്തിനു വഴിയൊരുക്കി പ്രചോദനമായത് തൊമ്മച്ചനായിരുന്നു. ചങ്ങനാശേരി വികാരി അപ്പസ്തോലിക്ക മാർ ചാൾസ് ലവീഞ്ഞ് പിതാവ് 1888ൽ എഫ്സിസി സന്യാസിനീസമൂഹത്തിന് ഔദ്യോഗികമായി ആരംഭംകുറിച്ചു. ആരാധന സന്യാസിനീസമൂഹത്തിന്റെ (എസ്എബിഎസ്) പ്രഥമാംഗങ്ങൾക്ക് പ്രാരംഭപരിശീലനം ലഭിച്ചതും തോമ്മച്ചന്റെ കളപ്പുരയിൽ താമസിച്ചുകൊണ്ടാണ്.
കുടുംബജീവിതക്കാർക്കും സാധിക്കും താപസ ആദ്ധ്യാത്മികത
താപസ ആദ്ധ്യാത്മികതയിലൂടെ കുടുംബജീവിതക്കാരായ അല്മായർക്കും വിശുദ്ധിയുടെ ഉന്നതതലങ്ങളിലെത്താൻ സാധിക്കുമെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച ആത്മീയതേജസാണ് പുത്തൻപറന്പിൽ തൊമ്മച്ചൻ. എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. അല്മായ ദൈവവിളിയുടെ സാക്ഷാത്കാരം പ്രധാനമായും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിലാണ്. ആധുനിക ജീവിതസാഹചര്യങ്ങളിൽ കുടുംബങ്ങൾ നേരിടുന്ന ആത്മീയ പ്രതിസന്ധികളെ തരണം ചെയ്യാൻ മൂന്നാംസഭയുടെ ചൈതന്യം ഏറ്റവും ഫലപ്രദമാണെന്നത് തർക്കമറ്റ കാര്യമാണ്. അതിന് കേരളത്തിൽ ആരംഭം കുറിച്ച ദൈവദാസൻ പുത്തൻപറന്പിൽ തൊമ്മച്ചനോട് നമ്മൾ ഏറെ കടപ്പെട്ടിരിക്കുന്നു. താപസികവും വീരോചിതവുമായ ജീവിതസാക്ഷ്യത്തിലൂടെ തൊമ്മച്ചൻ പുണ്യജീവിതത്തിന് ഏവർക്കും ഒരു മാർഗദർശിയാണ്.
മുൻകൂട്ടി സൂചിപ്പിക്കപ്പെട്ട ജീവിതാന്ത്യം
ഏതാണ്ട് ഒരു വർഷം മുന്പുതന്നെ തൊമ്മച്ചൻ തന്റെ മരണം എന്നായിരിക്കുമെന്നു സൂചന നൽകിയിരുന്നു-1908 നവംബർ ഒന്ന് എന്ന്. തന്റെ മരണം ആസന്നമായ ഒക്ടോബർ 31ന് രാത്രി 12 മണിയായപ്പോൾ ഇടവകവികാരിയച്ചനോട് (പിന്നീട് ധന്യൻ മാർ തോമസ് കുര്യാളശേരി) തൊമ്മച്ചൻ അന്ത്യകൂദാശകൾ നൽകണമെന്നാവശ്യപ്പെട്ടു. കൂദാശകൾ സ്വീകരിച്ച് അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായി. ദൈവദാസൻ തൊമ്മച്ചന്റെ നാമകരണ നടപടികൾ റോമിൽ നടന്നുകൊണ്ടിരിക്കുന്നു. തന്റെ കാലഘട്ടത്തിൽ ആത്മീയ, സമൂഹികതലങ്ങളിൽ പുതിയ തുടക്കങ്ങൾക്കു കാരണക്കാരനായ തൊമ്മച്ചന്റെ വീരോചിതമായ വിശുദ്ധജീവിതം ഏവർക്കും പ്രചോദനമാകത്തക്കവിധം അറിയപ്പെടാൻ പ്രാർഥിക്കാം.
