പരവൂർ: വേളാങ്കണ്ണി തീർഥാടകർക്കും തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ആശ്വാസമായി എറണാകുളം-വേളാങ്കണ്ണി പുതിയ എക്സ്പ്രസ് സർവീസ് നാളെ മുതൽ ആരംഭിക്കുന്നു. പുതിയ റൂട്ടിലും സമയക്രമത്തിലും ഓടുന്ന ഈ ട്രെയിൻ തെക്കൻ കേരളത്തിൽ നിന്ന് തഞ്ചാവൂരിലേക്കുള്ള ആദ്യ സർവീസ് കൂടിയാണ്.
നിലവിൽ ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്ത് നിന്ന് വേളാങ്കണ്ണിക്ക് സർവീസുണ്ടെങ്കിലും പുതിയ ട്രെയിൻ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.ബുധൻ രാത്രി 11.50-ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വ്യാഴം പുലർച്ചെ മൂന്നിന കൊല്ലത്തെത്തും. തുടർന്ന് കുണ്ടറ (3.28), കൊട്ടാരക്കര (3.38), പുനലൂർ (4.20), തെന്മല (5.18), ചെങ്കോട്ട (7.05), തെങ്കാശി (7.28) എന്നിവിടങ്ങൾ കടന്ന് രാവിലെ 11ന് മധുരയിലെത്തും.
ഉച്ചയ്ക്ക് 1.35-ന് തിരുച്ചിറപ്പള്ളിയിലും 2.33-ന് തഞ്ചാവൂരിലുമെത്തുന്ന ട്രെയിൻ വൈകുന്നേരം 5.35-നാണ് വേളാങ്കണ്ണിയിൽ യാത്ര അവസാനിപ്പിക്കുക. പുനലൂർ-ചെങ്കോട്ട വഴി രാവിലെ തമിഴ്നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് വലിയ അനുഗ്രഹമാകും.
മടക്കയാത്ര വ്യാഴം രാത്രി 7.45-ന് വേളാങ്കണ്ണിയിൽ നിന്ന് ആരംഭിക്കും. രാത്രി 10.08-ന് തഞ്ചാവൂരിലും 11.25-ന് തിരുച്ചിറപ്പള്ളിയിലുമെത്തുന്ന ട്രെയിൻ വെള്ളി പുലർച്ചെ 1.20-ന് മധുരയിലെത്തും.
രാവിലെ 4.30-ന് ചെങ്കോട്ടയും 6.45-ന് പുനലൂരും പിന്നിട്ട് 8.10-ന് കൊല്ലത്തെത്തിച്ചേരും. ഉച്ചയ്ക്ക് 11.55-ന് ട്രെയിൻ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. ബംഗളൂരു – കോഴിക്കോട് റൂട്ടിലുൾപ്പെടെ സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ, പുതിയ ട്രെയിൻ സർവീസുകൾ യാത്രക്കാർക്ക് വലിയ സാമ്പത്തിക ആശ്വാസം കൂടിയാണ് നൽകുന്നത്.
