കൊച്ചി: പ്ലസ്ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിലെ വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ പിടിയിലായ യുവാവിനെ കൊച്ചിയിലെത്തിച്ചു. തമിഴ്നാട്ടിൽ പിടിയിലായ പെണ്‍കുട്ടിയുടെ സുഹൃത്തും മരടിലെ ഒരു കാർ സർവീസ് സെന്ററിലെ ജീവനക്കാരനുമായ കുന്പളം കുറ്റേപ്പറന്പിൽ സഫർ ഷായെ (25) എറണാകുളം സെൻട്രൽ എസ്എച്ച്ഒ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു പുലർച്ചെ മൂന്നരയോടെയാണു കൊച്ചിയിലെത്തിച്ചത്.
കൊലപാതകം നടത്താൻ പ്രതി മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായ വിവരമാണു പോലീസിൽനിന്നു ലഭിക്കുന്നത്. കൃത്യം നടത്താൻ ഉപയോഗിച്ച കത്തി ഇയാൾ നേരത്തെ വാങ്ങിയതായി പോലീസ് പറയുന്നു. കത്തി കൊച്ചിയിൽനിന്നു വാങ്ങിയതെന്നാണു പ്രതിയുടെ മൊഴി. കൊലപാതകത്തിനുപയോഗിച്ച ഈ കത്തി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം തുടരുമെന്നും അധികൃതർ പറഞ്ഞു.
ചെറുതും വലുതുമായി ഇരുപത്തിമൂന്നോളം കുത്തുകളാണു പെണ്‍കുട്ടിയുടെ മൃതദേഹത്തിൽ കണ്ടെത്തിയത്. കൃത്യമായ ആസൂത്രണത്തിനൊടുവിലാണു വിദ്യാർഥിനിയെ ഇയാൾ കാറിൽ കയറ്റിക്കൊണ്ടുപോയത്. ഭീഷണിപ്പെടുത്തിയാണോ അനുനയിപ്പിച്ചാണോ പെണ്‍കുട്ടിയെ കാറിൽ കയറ്റിയതെന്ന കാര്യവും കൂടുതൽ അന്വേഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
എറണാകുളം കലൂരിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചേർത്തല ചെറുനാട് ആന്റണിയുടെ (വിനോദ്) മകൾ ഇവ ആന്റണിയെ (ഗോപിക-17) ആണ് ആണ് സുഹൃത്ത് കൊലപ്പെടുത്തി തമിഴ്നാട്ടിൽ വനപ്രദേശത്ത് തള്ളിയത്. ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്കു വിട്ടുകൊടുക്കും. പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികളാണു സ്വീകരിച്ചുവരുന്നതെന്നും പോലീസ് പറഞ്ഞു.
മലക്കപ്പാറ-വാൽപ്പാറ റൂട്ടിൽ തമിഴ്നാട് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. വിവാഹാഭ്യർഥന നിരസിച്ചതാണു കൊലയ്ക്കു കാരണമെന്നാണു പോലീസ് കണ്ടെത്തിയിട്ടുള്ളത്. എറണാകുളത്തെ സ്വകാര്യ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയായ ഇവയെ കഴിഞ്ഞ ഏഴിന് വൈകുന്നേരത്തോടെ കാണാതാകുകയായിരുന്നു. സ്കൂളിൽ പോയ മകളെ കാണാതായെന്നുകാട്ടി അച്ഛൻ സെൻട്രൽ പോലീസിൽ പരാതി നൽകി.
പെണ്‍കുട്ടി യുവാവിനൊപ്പം കാറിൽ പോയെന്ന വിവരം ലഭിച്ചതോടെ അന്വേഷണം ആ വഴിക്കായി. ഇതിനകം മരടിലെ സർവീസ് സെന്ററിൽനിന്നു ജീവനക്കാരൻ കാറുമായി കടന്നെന്ന പരാതി മരട് പോലീസിനും ലഭിച്ചിരുന്നു. അതിരപ്പിള്ളിയിലും തമിഴ്നാട് അതിർത്തിക്കു സമീപവും കാർ എത്തിയെന്ന് അറിഞ്ഞതോടെ വിവരം തമിഴ്നാട് പോലീസിനു കൈമാറി. വാൽപ്പാറയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന സഫർ ഷായെ കണ്ടെത്തിയെങ്കിലും ഒപ്പം പെണ്‍കുട്ടിയുണ്ടായിരുന്നില്ല.
കാറിൽ രക്തക്കറ കണ്ടതോടെ ഇയാളെ ചോദ്യം ചെയ്തു. പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയെന്നും മൃതദേഹം വനത്തിൽ തള്ളിയെന്നും ഇയാൾ മൊഴി നൽകി. പ്രതിയെയും കൂട്ടി നടത്തിയ തെരച്ചിലിൽ വാൽപ്പാറയിൽനിന്നു നാലു കിലോമീറ്റർ മാറി വന പ്രദേശത്തോട് ചേർന്നു മൃതദേഹം കണ്ടെത്തിയത്.