മുണ്ടക്കയം: പ്രധാന ശബരിമല തീർഥാടന പാതയായ മുണ്ടക്കയം-കോരുത്തോട് റോഡിൽ തീർഥാടക വാഹനങ്ങളുടെ അമിതവേഗം അപകടസാധ്യത വർധിപ്പിക്കുന്നു. എരുമേലിയിൽ പോകാതെ പമ്പയിലേക്ക് നേരിട്ട് യാത്രചെയ്യുന്ന തീർഥാടകരാണ് കൂടുതലായും മുണ്ടക്കയം-വണ്ടൻപതാൽ-കോരുത്തോട് റോഡ് ഉപയോഗിക്കുന്നത്.
നിരപ്പായ വണ്ടൻപതാൽ തേക്കിൻകൂപ്പ് ഭാഗത്തുകൂടി തീർഥാടന വാഹനങ്ങൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇതിന് ശേഷമുള്ള ഇറക്കത്തിലും കൊടുംവളവുകളിലും വേഗത്തിലുള്ള വാഹന യാത്ര അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. ഓരോ തീർഥാടനകാലത്തും പനയ്ക്കച്ചിറ പഴയപാലം ഭാഗത്ത് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
കുത്തിറക്കമിറങ്ങി പിന്നീടുള്ള കയറ്റം തുടങ്ങുന്ന ഭാഗത്തെ വാഹനങ്ങളുടെ അമിത വേഗമാണ് പലപ്പോഴും ഇവിടെ അപകടങ്ങൾക്കിടയാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടക വാഹനങ്ങളാണ് കൂടുതലും വേഗനിയന്ത്രണങ്ങൾ പാലിക്കാതെ പോകുന്നത്. ഇത് കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ തീർഥാടന കാലത്ത് ഈ പാതയിൽ അമിതവേഗത്തിൽ വന്ന ശബരിമല ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് വഴിയോരത്ത് താത്കാലിക കട നടത്തിയിരുന്ന ഒരു സ്ത്രീ മരിച്ചിരുന്നു. അമിതവേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം.
