ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) നിയമ ഭേദഗതി ബില്ലിൽ പാർലമെന്റിൽ ഇന്നു ചർച്ചയില്ല. ബിൽ ഇന്നു പരിഗണിക്കില്ലെന്നു മന്ത്രി കിരൺ റിജിജു അറിയിച്ചു. ബില്ലിനെതിരേ പാർലമെന്റിനകത്തും പുറത്തും എംപിമാരുടെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണു തീരുമാനം. പ്രതിപക്ഷ ബഹളത്തെ തുടർന്നു പാർലമെന്റ് 12 മണി വരെ നിർത്തിവച്ചു.
നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുക, നിലവിലെ ലൈസൻസ് സറണ്ടർ ചെയ്യുക തുടങ്ങിയ സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് ആർജിച്ചെടുത്ത ആസ്തികൾ നിശ്ചിത അഥോറിറ്റിക്കു സ്ഥിരമായി ഏറ്റെടുക്കാമെന്നതുൾപ്പെടെയുള്ള കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബില്ല് കഴിഞ്ഞ 25നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അവതരിപ്പിച്ചത്.
