മാതൃത്വം തന്നെ ഒരു ‘പെൺപുലിയെപ്പോലെ’ കൂടുതൽ കരുത്തയാക്കിയെന്ന് ബോളിവുഡ് താരം കിയാര അദ്വാനി. 2025ൽ ഭർത്താവ് സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം മകൾ സാരായ മൽഹോത്രയെ ജീവിതത്തിലേക്ക് വരവേറ്റ ശേഷം ആദ്യമായാണ് തന്റെ പുതിയ വിശേഷങ്ങൾ താരം പങ്കുവെക്കുന്നത്.
അമ്മയായ ശേഷം ജീവിതത്തെ നോക്കിക്കാണുന്ന രീതിതന്നെ മാറിയെന്ന് ഒരഭിമുഖത്തിൽ കിയാര പറഞ്ഞു. ഞങ്ങൾ സ്വന്തമായി ഒരു വീട് നടത്തുന്നു. ഒപ്പം ഞങ്ങളുടേതായ ഒരു കൊച്ചു ലോകം കെട്ടിപ്പടുക്കുന്നു.
എങ്കിലും ബാക്കിയെല്ലാം പഴയതുപോലെ തന്നെയാണ്. വിവാഹത്തിനുമുമ്പ് സിദ്ധാർഥും ഞാനും തമ്മിലുണ്ടായിരുന്ന ആ തമാശകളും യാത്രകളിലെ സന്തോഷവും ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ഞങ്ങൾ ഒരുമിച്ച് സിനിമകൾ കാണാറുണ്ട്. സിനിമാപ്രേമികളായും പ്രേക്ഷകരായും ഒപ്പം അഭിനേതാക്കളായും ഞങ്ങൾ സിനിമയെ നോക്കിക്കാണുന്നതുകൊണ്ട് അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾക്ക് വലിയ ആവേശമാണ്. അമ്മയായതിനുശേഷം ഞാൻ സംരക്ഷണശീലമുള്ളവളായി മാറി.
ഞാൻ ഇപ്പോൾ ഒരു പെൺപുലിയെപ്പോലെയായി മാറിയിരിക്കുന്നു. ജീവിതത്തെ ഇപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെയാണു ഞാൻ കാണുന്നത്. ഇപ്പോൾ മറ്റൊന്നും പ്രധാനമല്ലെന്നു തോന്നും, അതേസമയം തന്നെ എല്ലാം വളരെ പ്രധാനപ്പെട്ടതാണെന്നും തോന്നും- കിയാര പറഞ്ഞു.
നീണ്ട ഇടവേളയ്ക്കുശേഷം യഷ് നായകനാകുന്ന “ടോക്സിക്’ എന്ന ചിത്രത്തിലൂടെയാണ് കിയാര വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കിയാരയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ്. ചിത്രത്തിലെ നാദിയ എന്ന കഥാപാത്രത്തിനായി തന്റെ ഏക ചോയ്സ് കിയാരയായിരുന്നുവെന്ന് ഗീതു മോഹൻദാസ് വെളിപ്പെടുത്തിയിരുന്നു.
ആ കഥാപാത്രത്തിന്റെ വൈകാരികത ഉൾക്കൊള്ളാൻ കിയാര കാണിച്ച താത്പര്യം അദ്ഭുതപ്പെടുത്തുന്നതാണെന്നും അഭിനയത്തിനപ്പുറം ആ കഥാപാത്രമായി ജീവിക്കാനാണു കിയാര ശ്രമിക്കുന്നത്. ശാരീരികമായും മാനസികമായും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ടോക്സിക്കിലെ വേഷം. കഥാപാത്രത്തിന് വേണ്ടി പൂർണമായും വിട്ടുകൊടുക്കുന്ന ഒരു നടിയെയാണ് താൻ സെറ്റിൽ കണ്ടതെന്നും ഗീതു പറഞ്ഞിരുന്നു.
മാർച്ച് 19-ന് ധുരന്ധർ 2′-നൊപ്പം റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ടോക്സിക്. എന്നാൽ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് ജൂൺ നാലിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
