ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ചു കോൺഗ്രസ്. പണമിടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്മെന്റ് സേവനദാതാവ് ചാർജ് ഈടാക്കുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) നടപ്പിലാക്കുന്നത് അമേരിക്കൻ സമ്മർദങ്ങൾക്ക് വഴങ്ങിയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി കുറ്റപ്പെടുത്തി.
2000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഈടാക്കുന്ന എംഡിആർ നടപ്പിലാക്കുന്നത് സംബന്ധിച്ചു ധനമന്ത്രാലയം വിജ്ഞാപനം ഇറക്കിയതിനുപിന്നാലെയാണ് കോൺഗ്രസ് വിമർശനം. പൂജ്യം എംഡിആർ എന്ന ഇന്ത്യയുടെ നയത്തിനെ അമേരിക്കൻ പേയ്മെന്റ് കമ്പനികൾ ദീർഘകാലമായി എതിർത്തിരുന്നുവെന്നും യുഎസ് വ്യാപാര കരാർപോലെ തന്നെ, വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രി ഒരിക്കൽകൂടി അമേരിക്കൻ സമ്മർദത്തിനു മുന്നിൽ കീഴടങ്ങിയെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഉപയോക്താക്കൾക്കുമേൽ ഫീസ് ചുമത്തില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വ്യാപാരികളിൽ ചുമത്തുന്ന ഫീസ് ആത്യന്തികമായി ഉപയോക്താവിന്റെ കീശയിൽനിന്നാണ് വരികയെന്നും രാഹുൽ എക്സിലെ പോസ്റ്റിൽ പറഞ്ഞു. വ്യാപാരികൾക്കുമേലുള്ള അധികഭാരം വിലകൂട്ടി ഉപയോക്താവിന്റെ കീശയിൽനിന്നാണ് തിരിച്ചുപിടിക്കുകയെന്ന കാര്യം സർക്കാരിന് അറിയില്ലേയെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചോദിച്ചു.
