ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വനിതാ ഓട്ടോഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയത് ആണ്‍സുഹൃത്താണെന്ന് പോലീസ്. ഝാൻസിയിലെ ആദ്യ വനിതാ ഓട്ടോഡ്രൈവറായ അനിത ചൗധരിയെ (45) യാണു കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
പ്രണയബന്ധം തകർന്നതിന് ആണ്‍സുഹൃത്തായ മുകേഷ് ഝായാണു കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഝാൻസിയിലെ ഒരു സ്കൂളിനടുത്ത് മറിഞ്ഞുകിടക്കുന്ന ഓട്ടോയ്ക്കു സമീപമാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്.
കഴുത്തിൽ ആഴത്തിലുള്ള മുറിവോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം അപകടമരണമല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നു.
സ്വാതന്ത്ര്യസമരസേനാനി റാണി ലക്ഷ്മിഭായിയുടെ ജന്മനാടായ ഝാൻസിയിൽനിന്നുള്ള ആദ്യ വനിതാ ഓട്ടോഡ്രൈവറുടെ ദുരൂഹമരണം ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
ഏഴു വർഷമായുണ്ടായിരുന്ന പ്രണയബന്ധം തകർന്നതിന് അനിതയെ മുകേഷ് വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും തലയിൽ വെടിവച്ചതിനുശേഷം അപകടമരണമാണെന്നു വരുത്തിത്തീർക്കാൻ ഓട്ടോറിക്ഷ മറിച്ചിടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. മുകേഷ് ഒളിവിലാണ്.
