കോഴിക്കോട് : കാലാവധി കഴിഞ്ഞ ഫൈബർ വള്ളങ്ങൾ പോലുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സർക്കാർതലത്തിൽ ഒരു ഏകീകൃതമാർഗരേഖ ഉണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.കാലാവധി കഴിഞ്ഞ ഫൈബർ വള്ളങ്ങൾ ചാലിയാറിൽ തള്ളുന്നതിനെ കുറിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് നിർദ്ദേശം.പുഴകളിൽ കേടായ ഫൈബർ വള്ളങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുമെന്ന് ഉത്തരവിൽ പറഞ്ഞു. ജലമലിനീകരണം രൂക്ഷമാകും. ജലജീവികളുടെ ആവാസവ്യവസ്ഥ നശിക്കും.
മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണി ഉയരും. ശുദ്ധജല ലഭ്യത കുറയുന്നത് കൃഷിയെയും ജനജീവിതത്തെയും സാരമായി ബാധിക്കുമെന്നും ഉത്തരവിൽ പറഞ്ഞു. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താനും ഭാവിതലമുറകൾക്കായി പുഴകൾ സംരക്ഷിക്കാനും അടിയന്തര നടപടി ആവശ്യമാണെന്നും കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.കോഴിക്കോട് മുൻസിപ്പൽ സെക്രട്ടറിയും കടലുണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
കോഴിക്കോട് ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും കാലാവധി കഴിഞ്ഞ വള്ളങ്ങളും തോണികളും ഉപേക്ഷിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
