തിരുവനന്തപുരം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. തിരുവനന്തപുരം ജില്ലയിലെ തിരുമലയിൽ ബുധനാഴ്ച രാവിലെ 9:54നാണ് സംഭവം. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. പരിക്കേറ്റതിനെ തുടർന്ന് സീമ ആശുപത്രിയിൽ ചികിത്സ തേടി.
ജോലിക്കായി സ്കൂട്ടറിൽ പോകുകയായിരുന്ന സീമയെ വിജയൻ ബൈക്കിൽ പിന്തുടർന്നെത്തി നടുറോഡിൽവച്ച് ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായി സീമ തൊട്ടടുത്തുള്ള കടയിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. കടയുടമ തടഞ്ഞതുകൊണ്ടാണ് കൂടുതൽ പരിക്കുകളില്ലാതെ സീമ രക്ഷപ്പെട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 12 വർഷമായി ഇരുവരും തമ്മിൽ പിരിഞ്ഞു കഴിയുകയായിരുന്നു. കുടുംബ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സീമയുടെ സഹോദരൻ പറഞ്ഞു.
സംഭവത്തിൽ സീമയുടെ മൊഴി രേഖപ്പെടുത്തിയ മലയിൻകീഴ് പൊലീസ് കേസെടുത്തുവെന്നാണ് വിവരം. പ്രതിയായ വിജയനെ ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.
