മീനുകളെ പിടിക്കാനുള്ള പുതിയ തന്ത്രം വന്‍വിജയം ! പൊരിച്ച കോഴിയും നെയ്‌ച്ചോറും ഉപയോഗിച്ച് മീനുകളെ പിടിക്കുന്നത് ഇങ്ങനെ…

ചീമേനി: നല്ല പൊരിച്ച കോഴിയും നെയ്‌ച്ചോറുമുണ്ടെങ്കില്‍ കഴിച്ച് വയറു നിറയ്ക്കാം എന്നു മാത്രമല്ല നല്ല മീനിനെയും പിടിക്കാം. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ പുതിയ തന്ത്രം വന്‍വിജയമാവുകയാണ്.

ഒരു കാലത്തു കാടന്‍, മണ്ണിര, ചെമ്മീന്‍ എന്നിവ ഇരയായി കോര്‍ത്തു ചൂണ്ടയിട്ടു പുഴകളില്‍നിന്നു മീന്‍ പിടിച്ച മത്സ്യത്തൊഴിലാളികളാണ് പുതിയ രീതിയില്‍ ഇരകള്‍ കോര്‍ത്തു മത്സ്യം പിടിക്കുന്നത്. തോടുകളില്‍നിന്നു പിടിക്കുന്ന കാടന്‍ എന്ന ചെറുമത്സ്യത്തെ ഇരയായി ഉപയോഗിച്ചാണു പുഴയിലെ ഏറ്റവും വലിയ മീനുകളില്‍ ഒന്നായ ചെമ്പല്ലിയെ പിടിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പൊരിച്ച കോഴി ഉപയോഗിച്ചാണു ചെമ്പല്ലിയെ പിടിക്കുന്നതത്രെ.

പടന്നാക്കാട്ടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയായ നാരായണന്‍ ഇത്തരത്തില്‍ പൊരിച്ച കോഴി ചൂണ്ടയില്‍ കോര്‍ത്തു കഴിഞ്ഞ ദിവസം പിടിച്ചെടുത്തതു വലിയ ചെമ്പല്ലിയെയാണ്. പുതിയ തന്ത്രം വിജയമായതോടെ പലരും ഇത്തരത്തില്‍ മത്സ്യം പിടിക്കാന്‍ ഇറങ്ങിക്കഴിഞ്ഞു. നെയ്‌ച്ചോറ് ഉണ്ടയാക്കി ചൂണ്ടയില്‍ കോര്‍ത്തു പുഴയിലിട്ടാല്‍ കച്ചായി എന്ന മത്സ്യം എളുപ്പത്തില്‍ പിടിക്കാന്‍ കഴിയുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

പുഴയോരങ്ങളിലെ ഗ്രാമങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ ബാക്കി വരുന്ന ഭക്ഷണസാധനങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്നത് മത്സ്യങ്ങള്‍ ഭക്ഷണമാക്കിയതോടെയാണ് ഇത്തരത്തില്‍ ഇറച്ചി ഉപയോഗിച്ച് മത്സ്യം പിടിക്കാന്‍ കഴിയുന്നതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.

അതേസമയം, ഒരു കാലത്ത് മണ്ണിര ഉപയോഗിച്ചു പിടിച്ചിരുന്ന മാലന്‍ പോലുള്ള മത്സ്യങ്ങളെ ഇപ്പോള്‍ മൈദ ഉപയോഗിച്ചാണു പിടിക്കുന്നത്. മൈദ ഉണ്ടയാക്കി ചൂണ്ടയില്‍ കോര്‍ത്ത് ഈ മത്സ്യങ്ങളെ എളുപ്പത്തില്‍ പിടിക്കാന്‍ കഴിയുന്നുണ്ടത്രേ.

അതിനിടെ വര്‍ഷകാലത്തു പുഴകളില്‍ കലങ്ങിയ വെള്ളം ഒഴുകിയെത്തിയാല്‍ സാധാരണ വരാറുള്ള മഞ്ഞളേട്ട, പുല്ലന്‍ തുടങ്ങിയ മത്സ്യങ്ങള്‍ ഇപ്പോള്‍ കാണുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്തായാലും ഈ പുതിയ തന്ത്രം പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് പല മീന്‍പിടിത്തക്കാരും.

Related posts