കൊച്ചി: ഫിഫ വേള്‍ഡ് കപ്പ് സംപ്രേഷണം സൗജന്യമായി കാണാമെന്ന് വാഗ്ദാനം നല്കി വ്യാജ ടിവി ആപ്പുകള്‍ വഴി ബാങ്ക് അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 11 ദിവസത്തിനകം സംസ്ഥാനത്ത് നിന്ന് തട്ടിയെടുത്തത് 24 ലക്ഷം രൂപ.
ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. ഫുട്ബോള്‍ ആരാധകരെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്ന ഈ സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് കേരളത്തില്‍ 60 കേസുകളാണ് ഇക്കാലയളവില്‍ സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്തത്. പല ജില്ലകളിലും ആറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ആയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഫേസ് ബുക്ക്, ഇ്ന്സ്റ്റഗ്രാം, ടെലിഗ്രാം, വാട്സ്ആപ്പ്, യു ട്യൂബ് തുടങ്ങിയവയിലൂടെ പ്രചരിക്കുന്ന എച്ച്ഇസ്ഡ് ടിവി, ഓപ്പണ്‍ ടിവി, എന്‍ബി ടിവി, മാക്സ് ടിവി, എക്സ് എം ടിവി, ടുബി ടിവി തുടങ്ങിയ പേരുകളില്‍ ഔദ്യോഗിക ആപ്ലിക്കേഷനുകള്‍ പോലെ തന്നെ തോന്നിക്കുന്ന വ്യാജ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതായാണ് പരാതി.
ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം മൊബൈല്‍ ഫോണിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുത്തുകയോ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാര്‍ പ്രവേശനം നേടുന്നു. ഫോണിന്റെ നിയന്ത്രണം പൂര്‍ണമായും തട്ടിപ്പുകാര്‍ കൈവശപ്പെടുത്തി ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അനധികൃതമായി പണം തട്ടും.
തട്ടിപ്പു രീതി ഇങ്ങനെ
“ഫിഫ വേള്‍ഡ് കപ്പ് ലൈവ് ഫ്രീ’, ‘1000+ ടിവി ചാനലുകള്‍ സൗജന്യം’, ‘പ്രീമിയം ഒടിടി ഉള്ളടക്കം ഫ്രീ’, ‘പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും’ തുടങ്ങിയ ആകര്‍ഷകമായ പരസ്യങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കും. പരസ്യത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് എപികെ ഫയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും.
‘Update Required’, ‘Activate Subscription’, ‘Enable Service’ തുടങ്ങിയ സന്ദേശങ്ങള്‍ സജീവമാക്കാന്‍ ആവശ്യപ്പെടുകയും ഇതിലൂടെ ഫോണിന്റെ Accessibiltiy Service, Screen Overlay, Notification Access തുടങ്ങിയ എല്ലാ അനുമതികളും നേടുന്നു. തുടര്‍ന്ന് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ബാങ്കിംഗ്. യുപിഐ ആപ്ലിക്കേഷനുകളിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തും.
ഇക്കാര്യങ്ങൾശ്രദ്ധിക്കാം
- ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കാണുന്നതിനായി സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന എപികെ ഫയലുകള്‍ ഒരിക്കലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.
- ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാത്രം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
- “Free Premium Subscription’, “Unlimited Sports Access’, ‘Watch All Matches Free’ തുടങ്ങിയ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്.
- Accessibiltiy Service, Install Unknown Apps, Screen Cotnrol തുടങ്ങിയ അനുമതികള്‍ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകള്‍ ഒഴിവാക്കുക.
- ബാങ്കിംഗ്, യുപിഐ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കണം.
- സംശയാസ്പദമായ ലിങ്കുകള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ഫോര്‍വേഡ് ചെയ്യരുത്.
- സൈബര്‍ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാല്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.
- സീമ മോഹന്‍ലാല്‍
