ഹരിപ്പാട്: കുറഞ്ഞ പലിശയിൽ പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് വഴി നടത്തിയ തട്ടിപ്പിൽ ഹരിപ്പാട് സ്വദേശിക്ക് 25,30,028 രൂപ നഷ്ടമായി. ഹരിപ്പാട്പ ള്ളിപ്പാട് മുട്ടം സ്വദേശി പ്രേംകുമാറാണ് (46) വൻ സാമ്പത്തിക തട്ടിപ്പിനിരയായത്. സംഭവത്തിൽ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പിന്റെ തുടക്കം ഫേസ്ബുക്കിൽ നിന്ന്
കഴിഞ്ഞ ജനുവരി 27-നാണ് തട്ടിപ്പിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. പ്രമുഖ ധനകാര്യ സ്ഥാപനമായ ബജാജ് ഫിൻസെർവിന്റെ പേരിൽ ഫേസ്ബുക്കിൽ കണ്ട വ്യാജ പരസ്യത്തിൽ മൂന്ന് ലക്ഷം രൂപയുടെ ലോണിനായി പ്രേംകുമാർ അപേക്ഷിച്ചിരുന്നു.
ഇതിനു പിന്നാലെ സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് ആണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ ബന്ധപ്പെട്ടു. വിവിധ മൊബൈൽ നമ്പറുകളിൽ നിന്ന് വാട്സാപ്പ് വഴിയും വോയിസ് കോളുകൾ വഴിയും ബന്ധപ്പെട്ട പ്രതികൾ, ലോൺ അപ്രൂവൽ ലഭിക്കുന്നതിനായി പ്രോസസിംഗ് ഫീ എന്ന വ്യാജേന പണം ആവശ്യപ്പെടുകയായിരുന്നു.
സിഗ്നൽ ആപ് വഴി രണ്ടാം ഘട്ടം
ആദ്യം അയച്ച പണം ലോൺ ലഭിക്കാതെ നഷ്ടപ്പെട്ടതോടെ പരാതിക്കാരൻ പിന്മാറാൻ ശ്രമിച്ചു. എന്നാൽ, സൈബർ സഹായത്തോടെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തി. സിഗ്നൽ (Signal) ആപ്ലിക്കേഷൻ വഴി ബന്ധപ്പെട്ട പ്രതികൾ, പണം ഹാക്ക് ചെയ്ത് വീണ്ടെടുത്തെന്നും അത് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും പരാതിക്കാരനെ വിശ്വസിപ്പിച്ചു. സ്റ്റോക്ക് മാർക്കറ്റിലെ ഈ തുക പിൻവലിക്കണമെങ്കിൽ ടാക്സ്, ക്ലിയറൻസ് ചാർജ് തുടങ്ങിയവ ഇനത്തിൽ വീണ്ടും പണമടയ്ക്കണമെന്ന് പറഞ്ഞ് പലതവണകളായി ലക്ഷങ്ങൾ കൈക്കലാക്കി.
127 തവണകളായി പണം കൈമാറി
ജനുവരി 28 മുതൽ ഏപ്രിൽ 18 വരെയുള്ള കാലയളവിൽ 127 തവണകളായാണ് പരാതിക്കാരൻ പണം കൈമാറിയത്. എസ്ബിഐ വല്ലപ്പുഴ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും ഇന്ത്യൻ ഓവർസീസ് ബാങ്ക് ഹരിപ്പാട് ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നുമാണ് തുക അയച്ചത്. ആകെ 25,30,028 രൂപയാണ് തട്ടിപ്പുകാർ ആൾമാറാട്ടം നടത്തി കൈക്കലാക്കിയത്. ലോണും ലഭിക്കാതെ, നൽകിയ പണവും തിരികെ കിട്ടാതെ വന്നതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് പ്രേംകുമാർ തിരിച്ചറിഞ്ഞത്. തുടർന്ന് അദ്ദേഹം സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
