എരുമേലി: പണയം വച്ച സ്വർണം എടുത്തു വിറ്റു തുക നൽകുമെന്ന് പരസ്യം ചെയ്ത മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയെ തേടിവന്ന യുവതിയുടെ ഫോൺകോളിൽ നടന്നത് ഒമ്പത് ലക്ഷത്തിന്റെ തട്ടിപ്പ്. പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം തുടങ്ങിയ എരുമേലി പോലീസ് പ്രതിയെ പിടിക്കാൻ തെളിവും തുമ്പുമില്ലാതെ കുഴയുന്നു.
എരുമേലിയിലുള്ള സ്ഥാപനത്തിൽ വച്ച സ്വർണം എടുത്തുവിൽക്കാൻ എന്ന പേരിൽ പർദ്ദ ധാരിയായ യുവതിയാണ് മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയെ എരുമേലിയിൽ കൂട്ടിക്കൊണ്ടുവന്ന് ഒമ്പത് ലക്ഷം വാങ്ങി മുങ്ങിയത്. കഴിഞ്ഞദിവസമാണ് സംഭവം. യുവതിക്ക് എരുമേലിയിലെ സ്ഥാപനത്തിൽ സ്വർണപ്പണയം ഇല്ലായിരുന്നു.
അതേസമയം ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കാൻ ഒരു വഴിയും ഇറങ്ങിപ്പോകാൻ മറ്റൊരു വഴിയുമുണ്ട്. ഇത് മനസിലാക്കി നേരത്തേ ആസൂത്രണം ചെയ്ത തട്ടിപ്പാണ് നടന്നതെന്ന് സംഭവങ്ങളുടെ സിസി കാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പറയുന്നു.കഥയിങ്ങനെ: ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ ഏതാനും യുവാക്കൾക്കൊപ്പം എത്തിയാണ് യുവതി മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയെ പാലൂർക്കാവിലെ വീട്ടിലെത്തി കണ്ടത്. യുവാക്കൾ യുവതിയെ ഇവിടെ ഇറക്കിവിട്ടശേഷം പോയി.
കണ്ണുകൾ ഒഴികെ ബാക്കി മുഴുവനും പർദ്ദയിൽ മറച്ച നിലയിലാണ് യുവതി വന്നത്. തുടർന്ന് പാലൂർക്കാവ് സ്വദേശിക്കൊപ്പം ഇയാളുടെ ബൈക്കിൽ കയറി മുണ്ടക്കയത്തെ ഇയാളുടെ കടയിൽ ചെല്ലുകയും തുടർന്ന് വീണ്ടും ഇയാൾക്കൊപ്പം ബൈക്കിൽ എരുമേലിയിൽ പണയ സ്ഥാപനത്തിൽ എത്തുകയും ചെയ്തു. ഇതിന്റെ സിസി കാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ മുമ്പിൽ യുവതി പാലൂർക്കാവ് സ്വദേശിയിൽനിന്ന് പണം വാങ്ങി തനിയെയാണ് സ്ഥാപനത്തിലേക്ക് പണയ സ്വർണം എടുക്കാനെന്ന പേരിൽ കയറിപ്പോയത്.ഒപ്പം വന്നാൽ തനിക്ക് നാണക്കേടാണെന്ന് യുവതി പറഞ്ഞതുകൊണ്ട് പാലൂർക്കാവ് സ്വദേശി പുറത്തു കാത്തുനിന്നു. എന്നാൽ, യുവതി മറുവഴിയിലൂടെ ഇറങ്ങി മുങ്ങി.
കുറേസമയം കാത്തുനിന്ന പാലൂർക്കാവ് സ്വദേശി നടന്നത് തട്ടിപ്പാണെന്ന് അറിഞ്ഞ് പോലീസിൽ പരാതിനൽകുകയായിരുന്നു.യുവതി സഞ്ചരിച്ച കാർ കണ്ണൂർ ജില്ലയിൽ രണ്ടുതവണ എഐ കാമറ വഴി പെറ്റി ചുമത്തപ്പെട്ടതാണെന്നും സമാനമായ തട്ടിപ്പ് ഇതിനുമുമ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
