ഫ്ലോറിഡ: റഷ്യയും യുക്രെയ്നും സമാധാന കരാറിന് അടുത്തെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ചർച്ച സങ്കീർണമാണെന്നും ഇപ്പോഴും തകരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോയിലെ റിസോർട്ടിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി രണ്ടര മണിക്കൂർ ഫോണിൽ സംസാരിച്ചതായും ട്രംപ് പറഞ്ഞു.
റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്ൻ പ്രദേശങ്ങൾ, യുക്രെയ്നുള്ള സുരക്ഷാ ഉറപ്പുകൾ എന്നിവയുൾപ്പെടെ പരിഹരിക്കപ്പെടാതെ നിൽക്കുന്നുണ്ടെന്നു ട്രംപും സെലൻസ്കിയും സംയുക്തവാർത്താ സമ്മേളനത്തിൽ സമ്മതിച്ചു. ഡോൺബാസ് മേഖലയാണു പ്രധാന തർക്കവിഷയമെന്ന് ഇരുനേതാക്കളും പറഞ്ഞു. അതൊരു വളരെ ബുദ്ധിമുട്ടുള്ള വിഷയമാണ്, പക്ഷേ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്- ട്രംപ് പറഞ്ഞു.
ചർച്ചകൾ ഇപ്പോഴും തകരാൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ചർച്ചയ്ക്കുശേഷം യൂറോപ്യൻ നേതാക്കളുമായും ട്രംപ് ഫോണിൽ സംസാരിച്ചു. ചർച്ച ചെയ്ത എല്ലാ വിഷയങ്ങളിലും അന്തിമതീരുമാനമെടുക്കുന്നതിനായി യുക്രെയ്ൻ, യുഎസ് പ്രതിനിധികൾ അടുത്തയാഴ്ച യോഗം ചേരുമെന്നും ജനുവരിയിൽ വൈറ്റ് ഹൗസിൽ യുക്രെയ്ൻ, യൂറോപ്യൻ നേതാക്കൾക്ക് ആതിഥേയത്വം വഹിക്കാൻ ട്രംപ് സമ്മതിച്ചിട്ടുണ്ടെന്നും സെലൻസ്കി പറഞ്ഞു.
ഒരു മാസത്തിലേറെ നടന്ന ചർച്ചകൾക്കു നേതൃത്വം നൽകിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാറദ് കുഷ്നർ എന്നിവർക്ക് സെലൻസ്കി നന്ദി പറഞ്ഞു. പുടിൻ ഇപ്പോഴും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ് തറപ്പിച്ചു പറഞ്ഞു. പുടിനുമായി വീണ്ടും സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു.
15 വർഷം സുരക്ഷാ പരിരക്ഷ നൽകാമെന്നു യുഎസ് വാഗ്ദാനം ചെയ്തതായി സെലൻസ്കി പിന്നീട് പറഞ്ഞു. സമാധാന കരാർ ഒപ്പുവയ്ക്കുന്ന നിമിഷം മുതൽ സുരക്ഷാ പരിരക്ഷ നിലവിൽ വരുമെന്നാണു യുഎസ് നൽകിയിരിക്കുന്ന വാഗ്ദാനം. 50 വർഷത്തേക്കു സുരക്ഷ നൽകണമെന്നായിരുന്നു സെലൻസ്കിയുടെ ആവശ്യം. എന്നാൽ, സുരക്ഷ സംബന്ധിച്ച സമയപരിധിയെക്കുറിച്ച് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സമാധാന കരാർ സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്നും ഇതിനായി 60 ദിവസത്തേക്കു വെടിനിർത്തൽ ആവശ്യമാണെന്നും ഇന്നലെ സെലൻസ്കി ആവശ്യപ്പെട്ടു. താത്കാലിക വെടിനിർത്തലിനു റഷ്യക്കു താത്പര്യമില്ല. യുക്രെയ്നുള്ള സുരക്ഷാ പരിരക്ഷ ചർച്ച ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങൾ ജനുവരി ആദ്യം പാരീസിൽ യോഗം ചേരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ പറഞ്ഞു. സെലൻസ്കിയുമായും ട്രംപുമായും സംസാരിച്ച ശേഷമായിരുന്നു മാക്രോണിന്റെ പ്രതികരണം.
അതേസമയം, യുക്രെയ്നിൽ ഞായറാഴ്ച രാത്രിയും റഷ്യ ആക്രമണം തുടർന്നു. 25 വ്യോമാക്രമണങ്ങൾ റഷ്യ നടത്തിയതായും ഇതിൽ 21 ഡ്രോണുകൾ വെടിവച്ചിട്ടതായും കീവ് അവകാശപ്പെട്ടു. ബ്രിയാൻസ്ക് മേഖലയിൽ യുക്രെയ്ന്റെ വ്യോമാക്രമണം ഉണ്ടായതായി റഷ്യയും പറഞ്ഞു.
