വെളുത്ത നായകന്മാരെ തേടുന്നു! വിജയ് ബാബുവിന്റെ കാസ്റ്റിംഗ് കോള്‍ വിവാദത്തില്‍; പറഞ്ഞത് തരംതാണു പോയെന്നും ഇത്രയ്ക്ക് ചീപ്പാണോ ഫ്രൈഡേ ഫിലിം ഹൗസെന്നും ട്രോളി സോഷ്യല്‍മീഡിയ

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേയ്ക്ക് പുതുമുഖങ്ങളെ തേടി അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ കാസ്റ്റിംഗ് കോള്‍ വിവാദത്തില്‍. ഫ്രൈഡേ ഫിലിംസ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്.

ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രത്തിലേയ്ക്ക് വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരെ ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് വിവാദമായത്. ചിത്രത്തിലേക്ക് വെളുത്തു മെലിഞ്ഞ് സുന്ദരനായ നായകനെ വേണമെന്നും ചിത്രങ്ങളും മറ്റു വിവരങ്ങളും അയക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ്. ‘വെളുത്ത നായകന്‍’ എന്ന പരാമര്‍ശമാണ് വിവാദത്തിനും വിമര്‍ശനത്തിനും കാരണമായത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയുള്ള മനോഭാവം വച്ചു പുലര്‍ത്തുന്നത്, വളരെ മോശമാണെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലമാണ് ഈ പോസ്‌റ്റെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. നിറത്തിന്റെ പേരില്‍ ഇത്തരത്തില്‍ പ്രശസ്തമായ ഒരു കമ്പനി വിവേചനം കാണിക്കുന്നത് മോശമാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

നടി സാന്ദ്രാ തോമസിനൊപ്പമാണ് വിജയ് ബാബു ഫ്രെഡേ ഫിലിം ഹൗസ് സ്ഥാപിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു.

Related posts