പനാജി: ഗോവ നിശാക്ലബിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് ഗോവാസ് ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിന്റെ പ്രധാന ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവരുടെ പാസ്പോർട്ടുകൾ ഗോവ പോലീസ് സസ്പെൻഡ് ചെയ്തു. തീപിടിത്തമുണ്ടായ ഉടൻ തന്നെ ലൂത്ര സഹോദരന്മാർ തായ്ലൻഡിലേക്കു മുങ്ങിയതായി ഇന്നലെ നടന്ന അന്വേഷണത്തിൽ വ്യക്തമായി.
സസ്പെൻഡ് ചെയ്ത പാസ്പോർട്ടുമായി മറ്റൊരു രാജ്യത്തേക്കു യാത്ര ചെയ്യാൻ കഴിയില്ല. രാജ്യം വിട്ടുപോയ ലൂത്ര സഹോദരന്മാരുടെ കാര്യത്തിൽ, അവരുടെ പാസ്പോർട്ടുകൾ താത്കാലികമായി അസാധുവാണ്. അടുത്ത ഘട്ടം പാസ്പോർട്ടുകൾ റദ്ദാക്കലായിരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തായ്ലൻഡിലെ ഫുക്കറ്റിലുള്ള ലൂത്ര സഹോദരങ്ങൾക്കെതിരേ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അന്വേഷണം ഇതുവരെ
25 പേരുടെ മരണത്തിനിടയാക്കിയ ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിലെ നാല് ഉടമകളിൽ ഒരാളായ അജയ് ഗുപ്തയെ ഗോവ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിലെ ഒളിത്താവളത്തിൽനിന്നാണ് ഇയാളെ പിടികൂടിയത്. 20 ജീവനക്കാരും അഞ്ച് വിനോദസഞ്ചാരികളുമാണ് തീപിടിത്തത്തിൽ മരിച്ചത്. തീപിടിത്തം നിയന്ത്രിക്കാനും കുടുങ്ങിയവരെ രക്ഷിക്കാനും ഊർജിതശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ലൂത്ര സഹോദരന്മാർ തായ്ലൻഡിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതും പുലർച്ചയോടെ രാജ്യംവിട്ടതും.
ലൂത്ര സഹോരങ്ങളെ പിടികൂടും
ലുത്ര സഹോദരന്മാരെ വെറുതെ വിടില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. തായ്ലൻഡിലായാലും ലോകത്തെവിടെയായാലും അവരെ പിടികൂടി ജയിലിൽ അടയ്ക്കും.
