പരവൂർ: ഇന്ത്യയിലെ സഹകരണ ബാങ്കിംഗ് മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റവുമായി കേരള ബാങ്ക് (കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക്). 2025–26 സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,700 കോടി രൂപയായി ഉയർന്നു.മുൻ വർഷത്തെ 1,21,106 കോടി രൂപയിൽ നിന്ന് 5.9 ശതമാനം വളർച്ചയാണ് ബാങ്ക് കൈവരിച്ചത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കെന്ന പദവി ഒന്നുകൂടി ഉറപ്പിക്കാൻ കേരള ബാങ്കിനായി. നിക്ഷേപങ്ങളിലും വായ്പകളിലും ഒരേപോലെ ഉണ്ടായ വർധനയാണ് ഈ നേട്ടത്തിന് ആധാരമായത്.
ബാങ്കിന്റെ നിക്ഷേപ സമാഹരണത്തിൽ 6.69 ശതമാനത്തിന്റെ വർധനയുണ്ടായി. 70,763 കോടി രൂപയിൽ നിന്ന് 75,500 കോടി രൂപയായാണ് നിക്ഷേപം ഉയർന്നത്. ഇത് ബാങ്കിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തിന്റെന്റെ പ്രതിഫലനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വായ്പാ രംഗത്തും ചരിത്രപരമായ മുന്നേറ്റമാണ് ബാങ്ക് നടത്തിയത്. വായ്പാ കുടിശിക 50,000 കോടി രൂപ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സഹകരണ ബാങ്കായി കേരള ബാങ്ക് മാറി. നിലവിൽ 53,249 കോടി രൂപയാണ് ബാങ്കിന്റെ വായ്പാ കുടിശിക. വരും വർഷത്തിൽ 1.38 ലക്ഷം കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിടുന്നതായി ബാങ്ക് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഏറ്റവും വലിയ പ്രത്യേകത സ്വർണ വായ്പാ രംഗത്തെ അസാധാരണ കുതിച്ചുചാട്ടമാണ്. സ്വർണ വായ്പാ വിതരണത്തിൽ 78.32 ശതമാനത്തിന്റെ വൻ വർധനയാണ് രേഖപ്പെടുത്തിയത്. 6,505 കോടി രൂപയിൽ നിന്ന് 11,600 കോടി രൂപയായാണ് സ്വർണ വായ്പാ വിഹിതം ഉയർന്നത്. കേരളത്തിലെ ബാങ്കുകൾക്കിടയിൽ സ്വർണ വായ്പാ കുടിശികയുടെ കാര്യത്തിൽ നാലാം സ്ഥാനത്തെത്താൻ ഇതോടെ കേരള ബാങ്കിന് സാധിച്ചു. സ്വകാര്യ-പൊതുമേഖലാ ബാങ്കുകളുമായി കിടപിടിക്കുന്ന തരത്തിൽ സ്വർണ വായ്പാ രംഗത്ത് മത്സരിക്കാൻ ബാങ്കിന് കഴിയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
സഹകരണ തത്വങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് കാർഷിക വായ്പകൾക്കും ബാങ്ക് വലിയ മുൻഗണന നൽകി. 3,744 കോടി രൂപയാണ് ഈ വർഷം കാർഷിക വായ്പയായി വിതരണം ചെയ്തത്.ബാങ്കിന്റെ ആകെ വായ്പാ പോർട്ട്ഫോളിയോയുടെ 23.06 ശതമാനവും കാർഷിക വായ്പകളാണ്. പ്രവർത്തനക്ഷമതയുടെ കാര്യത്തിലും ബാങ്ക് വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ബാങ്കിന്റെ 823 ശാഖകളുടെയും ശരാശരി ബിസിനസ് 148.17 കോടിയിൽ നിന്ന് 157.37 കോടി രൂപയായി ഉയർന്നു. നിഷ്ക്രിയ ആസ്തികൾ (എൻപിഎ) ഗണ്യമായി കുറയ്ക്കാൻ സാധിച്ചതും ബാങ്കിന്റെ സാമ്പത്തിക ഭദ്രത വർധിപ്പിക്കുന്നു. ജീവനക്കാരുടെ കഠിനാധ്വാനവും സമർപ്പണവുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് ബാങ്ക് പ്രസിഡന്റ് പി. മോഹനൻ മാസ്റ്ററും സി.ഇ.ഒ ജോർട്ടി എം. ചാക്കോയും അറിയിച്ചു.
