ന്യൂഡൽഹി: ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും മൂന്നു ദിവസത്തേക്കു കൂടി ഉഷ്ണതരംഗം തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി). വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വിവിധ സംസ്ഥാനങ്ങളിൽജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ഹിമാചൽ പ്രദേശ്, ജമ്മു കാഷ്മീർ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നു കടുത്ത ഉഷ്ണതരംഗമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചത്തീസ്ഗഢ്, കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ നാളെ വരെ താപനില ഉയർന്നുതന്നെ നിൽക്കും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉയർന്ന താപനില തുടരുകയാണ്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വ്യാഴാഴ്ചവരെ കടുത്ത ചൂടു തുടരും. കേരളത്തിലും മാഹിയിലും സമാനമായ കാലാവസ്ഥയാണ് പ്രവചിക്കുന്നത്. ഹരിയാന, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളിൽ രാത്രികാലങ്ങളിലും ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. ഉത്തർപ്രദേശിലെ ബന്ദയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ശനിയാഴ്ച രേഖപ്പെടുത്തിയത്; 47.4 ഡിഗ്രി സെൽഷ്യസ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ സാധാരണയേക്കാൾ അഞ്ച് ഡിഗ്രിയിലധികം താപനില വർധിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ ചൂടു കൂടുതലാണ്.
അസാധാരണ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്നു ദിവസത്തിനു ശേഷം ചൂടിനു നേരിയ ശമനമുണ്ടാകുമെന്നാണു കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിക്കുന്നത്.
