തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീല്‍ ഹര്‍ജി സുപ്രിംകോടതി തള്ളി. തൊണ്ടി മുതല്‍ തിരിമറി കേസില്‍ നെടുമങ്ങാട് കോടതി മൂന്ന് വര്‍ഷത്തേക്കാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ഇദ്ദേഹം ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങിയ ശേഷം ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ഈ കേസില്‍ അനുകുല നടപടി സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്.
വിചാരണ കോടതി ശിക്ഷിക്കുകയും ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുകയും ചെയ്യാത്തതിനെ തുടര്‍ന്നാണ് ആന്റണി രാജുവിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാതെ വന്നത്.ശിക്ഷ കോടതി ശരിവച്ചാൽ ജനപ്രാധിനിത്യ നിയമം അനുസരിച്ച് ഏഴു വർഷം വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനാകും.
ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശപൗരനെ രക്ഷിക്കാന്‍, തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായിരുന്ന ആന്റണി രാജുവിനെ കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. കേസില്‍ ഇദ്ദേഹം രണ്ടാം പ്രതിയാണ്.
1990 ഏപ്രില്‍ നാലിനാണ് ഓസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വത്തോറിനെ 61 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്. വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആന്‍ഡ്രൂവിനെ ജില്ലാ കോടതി 10 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 1992ല്‍ അപ്പീല്‍ ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ഇയാളെ വെറുതേ വിട്ടു.
ഇന്ത്യ വിട്ട് ഓസ്ട്രേലിയയില്‍ എത്തിയ ആന്‍ഡ്രു അവിടെ കൊലക്കേസില്‍ അറസ്റ്റിലായി ജയിലിലായി. ജയിലില്‍ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് ആന്റണി രാജുവിന് കുരുക്കായത്.തിരുവനന്തപുരം ജില്ലാകോടതിയില്‍ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍, പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ക്ലാര്‍ക്കും ചേര്‍ന്ന് തിരിമറി നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. സഹതടവുകാരന് ഇത് ഓസ്ട്രേലിയന്‍ പോലീസിനെ അറിയിക്കുകയും അവര്‍ ഇന്റര്‍പോള്‍ വഴി കേരളപോലീസിന് വിവരം കൈമാറുകയുമായിരുന്നു.
