കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയുമായി.അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ ട്രോയ് ഔണ്‍സിന് 4630 ഡോളര്‍ വരെ പോയതിനുശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ട്രോയ് ഔണ്‍സിന് 4595 ഡോളറില്‍ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 90.21 ആണ്. 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് കിലോഗ്രാമിന് ഒന്നരക്കോടി രൂപയ്ക്ക് അടുത്തായി.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 10,740 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 8,365 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,395 രൂപയുമായി.ചരിത്രപരമായി, നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സ്വര്‍ണത്തിന് സാധാരണ നിലയില്‍ വിലക്കയറ്റ കാലഘട്ടമാണ്. അതനുസരിച്ച്, ഫെബ്രുവരിയോടെ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 4,600 ഡോളര്‍ മുതല്‍ 4,800 ഡോളര്‍ വരെ ഉയര്‍ന്നേക്കാം. ഫെഡറല്‍ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകള്‍ മുന്നിലാണ്. ഇത് സ്വര്‍ണവില വര്‍ധനയെ സ്വാധീനിക്കുന്നു.
ഒരു സുരക്ഷിത നിക്ഷേപമായും ആഗോള കറന്‍സിയായും സ്വര്‍ണത്തിന്റെ ആവശ്യം ശക്തമാണ്. പണപ്പെരുപ്പത്തിനെതിരെ സംരക്ഷണം നല്‍കുകയും, ശക്തമായ ഉപഭോക്തൃ പിന്തുണയും സ്വര്‍ണം നല്‍കുന്നുണ്ട്. വ്യാപാരതാരിഫ് പിരിമുറുക്കങ്ങള്‍ കുറഞ്ഞാലും യുഎസ് ഗവണ്മെന്റ് അടച്ചുപൂട്ടല്‍ അവസാനിച്ചാലും വര്‍ധിച്ചുവരുന്ന യുഎസ് കടവും ഡോളറിലുള്ള ആഗോള ആത്മവിശ്വാസം കുറയുന്നതും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാകുന്നുമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
അതേസമയം, വെള്ളി വിലയും കുതിക്കുകയാണ്. ട്രോയ് ഔണ്‍സിന് 86 ഡോളറിലേക്ക് നീങ്ങുന്നു. ഒരു ഗ്രാമിനെ 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമാണ് വെള്ളി വില.
- സീമ മോഹന്‍ലാല്‍
