തലശേരി: കേന്ദ്രസർക്കാരിനെതിരേ ഇടതുമുന്നണി നടത്തിയ പ്രതിഷേധ സമരത്തിൽ നിന്നു കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനൻ എംഎൽഎ വിട്ടുനിന്നത് വിവാദമാകുന്നു. കൂത്തുപറമ്പ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായി കെ.പി. മോഹനനോ മോഹനന്റെ സഹോദരപുത്രൻ പി.കെ. പ്രവീൺ കുമാറോ എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായതിനു പിന്നാലെയാണ് കെ.പി. മോഹനന്റെ സമര ബഹിഷ്കരണവും ചർച്ചയായിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നേതൃത്വം നൽകിയ സമരത്തിൽ നിന്നാണ് രാഷ്ട്രീയ ജനതാ ദളിന്റെ ഏക എംഎൽഎയായ കെ.പി. മോഹനൻ വിട്ടു നിന്നത്.എന്നാൽ, കേന്ദ്ര സർക്കാരിനെതിരേയുള്ള എൽഡിഎഫ് സമരം പെട്ടെന്നെടുത്ത തീരുമാനമായതു കൊണ്ടാകാം കെ.പി. മോഹനൻ പങ്കെടുക്കാതിരുന്നതെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.പി. ശ്രേയാംസ് കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
പാർട്ടി പ്രതിനിധി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആർജെഡി ഇടതുമുന്നണി വിടാൻ ഒരുങ്ങുന്നുവെന്ന ശക്തമായ പ്രചാരണം നടക്കുന്നതിനിടയിലാണ് കെ.പി. മോഹനൻ വിട്ടു നിന്നതെന്നതും ശ്രദ്ധേയമാണ്. ഇന്നലെ കൂത്തുപറമ്പ് മണ്ഡലത്തിൽ നടന്ന വിവിധ പരിപാടികളിൽ മോഹനൻ പങ്കെടുക്കുകയും ചെയ്തു.
ഇടതു മുന്നണി വിടണമെന്ന് ആർജെഡിയിലെ ശ്രേയംസ് വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ടെന്ന വിവരം ഇതിനകം പുറത്തു വന്നിരുന്നു. മുന്നണി വിടുന്നതിനോട് കെ.പി. മോഹനൻ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായും വാർത്തകളുണ്ടായിരുന്നു. ഇത്തരം പ്രചാരണങ്ങൾക്കിയിലാണ് മോഹനൻ തന്നെ സമരത്തിൽ നിന്നും വിട്ടു നിന്നിട്ടുള്ളത്.
കൂത്തുപറമ്പ് മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർഥിയായി കെ.പി. മോഹനൻ തന്നെ മത്സരിക്കുമെന്നാണ് മോഹനൻ അനുകൂലികൾ പറയുന്നത്. എന്നാൽ, മോഹനന്റെ സഹോര പുത്രനും രാഷ്ട്രീയ ജനതദൾ സംസ്ഥാന സെക്രട്ടറിയുമായ പി.കെ പ്രവീൺകുമാർ സ്ഥാനാർഥിയാകുമെന്നും പ്രചാരണമുണ്ട്. യുവജനതാദൾ സംസ്ഥാന പ്രസിഡന്റായിരുന്ന പ്രവീൺ പാനൂർ നഗരസഭാ കൗൺസിലർ ആയിരുന്നു.
നാല് തവണ എംഎൽഎയും ഒരു തവണ മന്ത്രിയുമായിരുന്നു എഴുപത്തിയഞ്ചുകാരനായ കെ.പി. മോഹനൻ. കൂത്തുപറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകളിൽ പി.ആർ. കുറുപ്പിന്റെ മകനായ മോഹനനും പേരക്കുട്ടിയായ പ്രവീണും ഇതിനകം ഇടം നേടി ക്കഴിഞ്ഞു.
- നവാസ് മേത്തർ
