ഗൂഗിളിൽ പ്രതിവർഷം 2.7 കോടി രൂപ ശന്പളം, ഉയർന്ന പദവിയുള്ള ജോലി, അമേരിക്കൻ ജീവിതം, ഷിക്കാഗോയിലെ മനോഹരമായ വീടും, ഇത്രയൊക്ക ഉണ്ടായിട്ടും, സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും തേടി ദുബായിലേക്ക് പോകാനുള്ള മനസ്, അതായിരുന്നു തനു പുരിക്ക് ജീവിതത്തോടുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവും.
കോർപറേറ്റ് ജോലിയുടെ കർക്കശമായ നിയന്ത്രണങ്ങളും കുടുംബത്തിൽ നിന്നുള്ള അകലവും ഒരു കൂട്ടിനുള്ളിലാക്കിയിക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. തനിക്ക് യഥാർഥ സ്വാതന്ത്ര്യം ആസ്വദിക്കുവാൻ സാധിക്കില്ല എന്നാണ് തനു പറയുന്നത്.
രണ്ട് ആഴ്ചത്തെ അവധിക്ക് മറ്റൊരാളുടെ അനുവാദം തേടേണ്ടി വരുന്ന അവസ്ഥ സ്വാതന്ത്ര്യമല്ലെന്നും, ശമ്പളത്തിലൂടെ ലഭിക്കുന്ന ചെറിയ വളർച്ചയേക്കാൾ സ്വന്തം സംരംഭങ്ങളിലൂടെ വലിയ സാമ്പത്തിക നേട്ടം കൈവരിക്കുകയാണ് ലക്ഷ്യമെന്നും തനു വീഡിയോയിൽ വ്യക്തമാക്കുന്നു.
എച്ച്1ബി വിസയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും കുടുംബത്തിന്റെ പിന്തുണയില്ലാത്ത പ്രവാസി ജീവിതവും മടുപ്പിച്ചിരിക്കുന്നു. ദുബായിലേക്ക് മാറിയതിലൂടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും, അവിടുത്തെ നികുതിരഹിത സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി സ്വതന്ത്രമായ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനും സാധിക്കുമെന്ന് തനു വ്യക്തമാക്കി.
ഞാൻ എന്തുകൊണ്ട് ഗൂഗിൾ ഉപേക്ഷിച്ചു, അതിനുള്ള കാരണങ്ങളും തനു വീഡിയോയിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഉയർന്ന ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച തനുവിന്റെ കഥ സോഷ്യൽ മീഡിയയിൽ അനുകൂലവും പ്രതികൂലവുമായ ഒട്ടേറെ അഭിപ്രായങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.
