കൊച്ചി: അക്ഷയതൃതീയ അടുത്തതോടെ സ്വര്‍ണ വ്യാപാര മേഖലയ്ക്ക് പുത്തനുണര്‍വേകുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവ്യാപാരികള്‍. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭദിനമായാണ് അക്ഷയതൃതീയ കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന സ്വര്‍ണ വ്യാപാരം നടക്കുന്നത് അക്ഷയ് തൃതീയ നാളിലാണ്.
ഈ വര്‍ഷത്തെ അക്ഷയതൃതീയ ഈ മാസം 19 നാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 55 ശതമാനത്തിലധികം വിലവര്‍ധനമാണ് ഇത്തവണ സ്വര്‍ണത്തിന് അനുഭവപ്പെടുന്നത്. എങ്കിലും അക്ഷയതൃതീയ നാളില്‍ സ്വര്‍ണം വാങ്ങുന്ന ശീലം കുറച്ചുകാലങ്ങളായി മലയാളികള്‍ക്കിടയിലുണ്ട്. കേരളത്തിലെ ചെറുതും വലുതുമായ 12,000 ഓളം സ്വര്‍ണ വ്യാപാര ശാലകള്‍ അക്ഷയതൃതീയക്കായി ഒരുങ്ങി കഴിഞ്ഞു. പലയിടത്തും അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചു. തൂക്കം കുറഞ്ഞ സ്വര്‍ണാഭരണങ്ങളാണ് പലരും ബുക്ക് ചെയ്തിരിക്കുന്നത്.
അക്ഷയതൃതീയക്കു മുന്നോടിയായി തൃശൂരില്‍ സംഘടിപ്പിച്ച ബയര്‍സെല്ലര്‍ മീറ്റ് പുതിയ ആഭരണ ശ്രേണികള്‍ എല്ലാ ജ്വല്ലറികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു.അക്ഷയതൃതീയ ദിവസം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്തവരടക്കം അഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നതായി കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അബ്ദുള്‍ നാസര്‍ പറഞ്ഞു.
അക്ഷയതൃതീയ
വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് (ചാന്ദ്രദിനം) അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്.വരള്‍ച്ചയില്‍ നിന്നും ഭൂമിക്ക് സാന്ത്വന സ്പര്‍ശമായി ഭഗീരഥ മുനിയുടെ തപസിലൂടെ ഗംഗാനദി സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഒഴുകിയെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് വിശ്വാസം. ബലഭദ്രന് ജനിച്ച ദിവസം കൂടിയാണ് അക്ഷയ് തൃതീയ.
ഈ ദിനത്തില്‍ ദാനധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി കരുതുന്നു. അക്ഷയ തൃതീയ നാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതന കാലം മുതലേ വിശ്വാസമുണ്ട്. അക്ഷയ് തൃതീയ നാളില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുന്നു.
സ്വന്തം ലേഖിക
