കേരളത്തില്‍ നിന്ന് പുതിയ ഇരകളെ തേടി ഗുഗപ്രിയ വീണ്ടും ! ഒളിവിലായിരുന്ന ഭര്‍ത്താവ് വീണ്ടും ക്വലാലംപൂരില്‍ ലാന്‍ഡ് ചെയ്തു; കേരളത്തില്‍ ചരടുവലികള്‍ നടത്തുന്നത് തൃശ്ശൂര്‍ സ്വദേശി…

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്ന് പണം തട്ടിയ ശേഷം അവരെ വഴിയാധാരമാക്കിയ തമിഴ് യുവതി ഗുഗപ്രിയയും സംഘവും കേരളത്തില്‍ നിന്നും ഇരകളെ തേടി വീണ്ടും ഇറങ്ങുന്നു. ഒളിവിലായിരുന്ന ഇവരുടെ ഭര്‍ത്താവ് വിജയകുമാര്‍ ഇതിനു മുന്നോടിയായി വ്യാഴാഴ്ച ക്വലാലംപൂരില്‍ ലാന്‍ഡ് ചെയ്തു.

ചതിക്കുഴിയില്‍ അകപ്പെട്ട ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ് ഇയാളുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ലക്ഷങ്ങളുടെ തട്ടിപ്പിനായി നടത്തുന്ന പുതിയ അണിയറ നീക്കങ്ങളെക്കുറിച്ചാണ്. വിവിധ കമ്പനികളില്‍ നാല്‍പതില്‍പ്പരം അവസരങ്ങളുണ്ടെന്നും പരിചയക്കാരുണ്ടെങ്കില്‍ ജോലി നല്‍കാമെന്നുമായിരുന്നു വിജയകുമാറിന്റെ വാഗ്്ദാനം. തന്റെ ചതിയില്‍പ്പെട്ട്് രണ്ടുമാസം മുമ്പ് ക്വലാാലംപൂരില്‍ എത്തിയ ആളാണ് തനിക്കു മുന്നില്‍ നില്‍ക്കുന്നതെന്ന കാര്യം ഇയാള്‍ ഓര്‍ത്തില്ല.

നേരത്തെ നല്‍കിയ വാഗ്ദാനങ്ങളെല്ലാം അയാള്‍ വീണ്ടും അവതരിപ്പിച്ചു. നല്ല ജോലി, ശമ്പളം, താമസസൗകര്യം, കാര്‍ എന്നീ സൗകര്യങ്ങള്‍ക്കു പുറമേ ഒരാള്‍ക്ക് പതിനയ്യായിരം രൂപാ കമ്മിഷനും വാഗ്ദാനം ചെയ്തു. എല്ലാം മലേഷ്യന്‍ മന്ത്രിസഭയില്‍ സ്വാധീനമുള്ള ഗുഗപ്രിയ മാഡത്തിന്റെ സഹായത്തോടെയാണെന്നും വിജയകുമാര്‍ പറഞ്ഞു. ഗുഗപ്രിയയെ നേരില്‍ കാണാനാകുമോ എന്നു ചോദിച്ചപ്പോള്‍ മാഡം എപ്പോഴും ടൂറിലായിരിക്കുമെന്നായിരുന്നു മറുപടി. ഇപ്പോള്‍ ബാങ്കോങ്ങിലാണത്രെ. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലുണ്ടായിരുന്നു.

ചെന്നൈയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം സെപ്റ്റംബര്‍ ഒന്നിന് ക്വലാലംപൂരില്‍ തിരിച്ചെത്തി. എന്നാല്‍ വിദേശ മന്ത്രാലയത്തിലെ ഒരു ഉന്നതന് അത്യാവശ്യമായി കുവൈറ്റില്‍ പോകേണ്ടതിനാല്‍ ഗുഗപ്രിയയെക്കൂടി കൂട്ടിനു കൊണ്ടുപോയിരിക്കുകയാണ്. അടുത്ത ആഴ്ചയേ മടങ്ങിവരുകയുള്ളൂവെന്നും വിജയകുമാര്‍ പറഞ്ഞു. തന്റെ സഹോദരനടക്കം പത്തുപേര്‍ക്ക് ജോലി ലഭിക്കുമോ എന്നു ചോദിച്ചപ്പോള്‍ നിഷ്പ്രയാസം എന്നായിരുന്നു മറുപടി. മാത്രമല്ല കമ്മിഷനായി രണ്ടുലക്ഷം ഇന്ത്യന്‍ രൂപയും വാഗ്ദാനം ചെയ്തു. പിന്നീട് ഗുഗപ്രിയയുടെ സുഹൃത്തും സഹായിയുമായ ജബരാജിനെക്കൊണ്ട് മലേഷ്യന്‍ പോലീസില്‍ വിജയകുമാര്‍ എത്തിയെന്ന വിവരം അറിയിച്ചെങ്കിലും പോലീസ് തിരിഞ്ഞുനോക്കിയില്ല.

പണം കൊടുത്ത് മലേഷ്യന്‍ പോലീസിനെ ഇയാള്‍ സ്വാധീനിച്ചിരിക്കുന്നതിനാല്‍ പരാതി നല്‍കിയാല്‍ പോലും കാര്യമില്ലെന്നാണ് തട്ടിപ്പിനിരയായവര്‍ പറയുന്നത്. വിവരം ഇന്ത്യന്‍ എംബസിയെ ധരിപ്പിച്ചതിനെത്തുടര്‍ന്ന് വിജയകുമാറിനെ കസ്റ്റഡിയില്‍ എടുപ്പിക്കാന്‍ അവരും ശ്രമം നടത്തി. എന്നാല്‍ ഫലമൊന്നും ഉണ്ടായില്ല. വിജയകുമാര്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ഗുഗപ്രിയ ക്വലാലംപൂരില്‍ തന്നെ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. പക്ഷേ എവിടെയാണെന്ന് അറിയില്ല. കുലാലമ്പൂര്‍ നഗരത്തിലുള്ള സുല്‍ത്താന്‍ ഇസ്മയില്‍ എല്‍.ആര്‍.ടി സ്റ്റേഷനില്‍ ഗുഗപ്രിയ ഉള്ളതായി ഏതാനും ദിവസം മുമ്പ് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ജിബുരാജ് എത്തുമ്പോഴേക്കും അവര്‍ കടന്നുകളഞ്ഞിരുന്നു.

തൃശ്ശൂര്‍ സ്വദേശി അരുണ്‍ എന്നയാളാണ് കേരളത്തില്‍ തട്ടിപ്പിന് ചരടുവലിക്കുന്നത്. എന്നാല്‍ ഇയാളെ ആരും കണ്ടിട്ടില്ല. വിജയകുമാറിനൊപ്പം ഇയാളും വിദേശത്തേക്ക് പോകാറുണ്ട്. ഗൂഗപ്രിയ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഇരയായവര്‍ പലയിടത്തും പോയെങ്കിലും അവര്‍ സമര്‍ഥമായി കടന്നു കളയുകയായിരുന്നു. ഇനി ഗുഗപ്രിയയെ കണ്ടെത്തിയാല്‍ത്തന്നെ നഷ്ടപ്പെട്ട പണം തിരിച്ചുലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്. പോലീസിന്റെ ഭാഗത്തുനിന്നുള്ള നിഷ്‌ക്രിയത്വമാണ് കാരണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍ നിഷ്പ്രയാസം ഇതിനു സാധിക്കും. അതിന് ഭരണതലത്തിലുള്ള ചര്‍ച്ചയാണ് ആവശ്യം. മലേഷ്യയില്‍ വഞ്ചിതരായവരെപ്പറ്റി നിരവധി പരാതികള്‍ കേന്ദ്രമന്ത്രി വി.മുരളീധരന് ലഭിച്ചിട്ടുണ്ട്. എന്തെങ്കിലും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍.

എംബസിയുടെ ഭാഗത്തുനിന്നും കാര്യമായ സഹകരണം ലഭിക്കുന്നുണ്ടെന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാക്കള്‍ പറയുന്നു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവരെ നാട്ടില്‍ എത്തിക്കുന്നതിനും വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞവരെ സഹായിക്കുന്നതിനും എംബസി അധികൃതര്‍ സഹായിക്കുന്നുണ്ട്. ക്വലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി എത്തിക്കുന്നതു മുതല്‍ നാട്ടില്‍ എത്തുന്നതുവരെ എംബസി അധികൃതര്‍ വിളിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Related posts