കേരളം ഗുണ്ടകളുടെ പറുദീസയായെന്ന് ചെന്നിത്തല; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

knr-remeshതിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതു സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നേരത്തെ, സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ജനങ്ങളുടെ സ്വൈര്യ ജീവിതം തടസപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി പി.ടി.തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സംസ്ഥാനം തിരുട്ട് ഗ്രാമം പോലെ ആയെന്നും പോലീസ് വകുപ്പിലെ ഉന്നതര്‍ തമ്മില്‍ മത്സരമായതിനാല്‍് ഗുണ്ടാ ആക്രമണങ്ങള്‍ ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമില്ലാതായിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതു സര്‍ക്കാരിനുള്ളതെന്നും ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഗുണ്ടാ സംഘങ്ങള്‍ക്ക് സംരക്ഷണ കവചം ഒരുക്കില്ലെന്നും അത്തരം സംഘങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related posts