തൊഴിലാളിയ്ക്ക് ശമ്പളക്കുടിശിക ഇനത്തില്‍ ഉടമ നല്‍കിയത് 6000 രൂപയുടെ ചില്ലറത്തുട്ടുകള്‍! പറ്റിക്കപ്പെട്ട ഹസീനയ്ക്ക് സുമനസുകള്‍ തുണയായെങ്കിലും ‘ചില്ലറ’പ്പണി കൊടുക്കുന്നവരും വാങ്ങുന്നവരും അറിഞ്ഞിരിക്കണം ചില നിയമങ്ങള്‍

ഏതെങ്കിലും തരത്തിലുള്ള ശത്രുത ഒരാളോട് തോന്നിയാല്‍ പലവിധത്തിലാണ് ആളുകള്‍ പകരം വീട്ടുകയും പ്രതികാരം ചെയ്യുകയുമൊക്കെ ചെയ്യുന്നത്. സമാനമായ രീതിയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉടമ പിരിച്ചുവിട്ട തന്റെ തൊഴിലാളിയോട് ചെയ്ത പ്രതികാരമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സംഭവമിങ്ങനെ…

വ്യക്തമല്ലാത്ത കാരണത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട വേലൂപ്പാടം പുത്തന്‍വീട്ടില്‍ ഹസീനയ്ക്ക് ശമ്പളക്കുടിശികയായി കിഴക്കേക്കോട്ടയിലെ ബ്യൂട്ടിപാര്‍ലറായ ലൈറയുടെ ഉടമ നല്‍കിയത് 6000 രൂപയുടെ നാണയമാണ്. ആദ്യം ഉടമ ശമ്പളം നല്‍കാന്‍ തയാറല്ലായിരുന്നു. പിന്നീട് പോലീസില്‍ പരാതി നല്‍കിയശേഷമാണ് പണം നല്‍കാന്‍ ഉടമ തയാറായത്. അതാകട്ടെ മുഴുവന്‍ നാണയമായി നല്‍കുകകയും ചെയ്തു.

അതില്‍ ഒരു രൂപയുടെ നാണയങ്ങള്‍ 600 മാത്രവും. ബാക്കിയെല്ലാം അമ്പത് പൈസയുടെ നാണയമായിരുന്നു. കിട്ടിയ നാണയങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ ഹസീന വിഷമിച്ചിരുന്ന അവസരത്തിലാണ് ഒരു മാധ്യമത്തില്‍ ഹസീനയുടെ അവസ്ഥ വിവരിച്ച് വാര്‍ത്തയെത്തിയത്. വാര്‍ത്ത കണ്ട് ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി അമൃത് വിഭാഗം അര്‍ബന്‍ ഇന്‍ഫ്രാസ്‌ക്രച്ചര്‍ വിദഗ്ധനും റിട്ട.വാട്ടര്‍ അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ പി.വി. നന്ദകുമാര്‍ നാണയങ്ങള്‍ വാങ്ങി നോട്ടാക്കി നല്‍കാന്‍ തയാറാവുകയായിരുന്നു.

നന്ദകുമാറിന്റെ വീട്ടിലെത്തി ഹസീനയും ഭര്‍ത്താവും നാണയം മാറുകയും ചെയ്തു. 4250 രൂപയ്ക്കുള്ള 50 പൈസയുടെ നാണയങ്ങളാണ് നന്ദകുമാറിന് നല്‍കിയത്. 1000 രൂപയുടെ ഒരുരൂപാ നാണയങ്ങള്‍ നേരത്തേ ഹസീനയുടെ സഹോദരന്‍ വാങ്ങി നോട്ടാക്കി നല്‍കിയിരുന്നു. ഈ നാണയങ്ങള്‍ക്ക് പുറമേ 25 പൈസയുടെയും അറബ്, മലേഷ്യന്‍ നാണയങ്ങളും ഹസീനയ്ക്ക് ലഭിച്ചിരുന്നു. വാര്‍ത്ത വായിച്ച് നിരവധിപേരാണ് ഹസീനയെ സഹായിക്കാന്‍ മുന്നോട്ടുവന്നത്.

ഹസീനയുടെ പ്രശ്‌നം അവിടെ തീര്‍ന്നെങ്കിലും വലിയ തുകയ്ക്ക് നാണയം നല്‍കി പ്രതികാരം ചെയ്യുന്ന നടപടി അടുത്തകാലത്തായി വര്‍ധിച്ചു വരികയാണ്. എന്നാല്‍ ഇത്തരത്തില്‍ പറ്റിക്കുന്നവരും പറ്റിക്കപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട ഒന്നു രണ്ട് കാര്യങ്ങളുണ്ട്.

റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം നാണയത്തുട്ടുകളായി 1,000 രൂപവരെ മാത്രമേ നല്‍കാനാകൂ. അതും ഒരു രൂപ നാണയങ്ങളായിരിക്കണം. 50 പൈസാ നാണയങ്ങളാണ് നല്‍കുന്നതെങ്കില്‍ പരമാവധി പത്ത് രൂപ വരെ മാത്രം. അതിലും താഴെയുള്ള നാണയങ്ങളാണെങ്കില്‍ ഒരു രൂപയുടെ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ.

10 രൂപയ്ക്കുള്ള 50 പൈസയുടെ നാണയങ്ങള്‍ വാങ്ങാന്‍ മാത്രമേ ബാധ്യതയുള്ളൂ. വാങ്ങുന്നതില്‍ നിയമ തടസമില്ല. എന്നാല്‍ കൊടുക്കുന്ന വ്യക്തി നിയമലംഘനമാണ് നടത്തുന്നത്.

പ്രചാരത്തിലില്ലാത്ത 25 പൈസ നല്‍കിയതും കുറ്റമാണ്. വിനിമയത്തിലില്ലാത്ത നാണയം വിപണിയിലിറക്കിയതും ഈ നാണയം നല്‍കി വഞ്ചിച്ചതും കുറ്റകരമാണ്. നാണയവിനിമയം സംബന്ധിച്ച നിയമങ്ങളെല്ലാം ബാങ്കിങ്-ധനകാര്യ സ്ഥാപന ഇതര ഇടപാടുകള്‍ക്കാണ് ബാധകം. ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടുള്ള നിയമം 2011-ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. കോയിനേജ് ആക്ട് 2011 എന്ന നിയമത്തിലെ ആറാം വകുപ്പ് പ്രകാരമാണ് നാണയവിനിമയത്തിന് പരിധി വെച്ചിരിക്കുന്നത്.

Related posts