കൊച്ചി: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ കടുത്ത മാനസിക സമ്മര്‍ദവും പിരിമുറക്കവും കുറയ്ക്കുന്നതിനായുള്ള ഹാറ്റ്സ് (ഹെല്പ് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ്) കൗണ്‍സലിംഗ് സെന്ററിന്റെ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് 7,193 പേര്. 2017 മുതല്‍ 2025 വരെയുള്ള കണക്കാണിത്. പോലീസ് വെല്‍ഫെയര്‍ ബ്യൂറോയുടെ കീഴില്‍ 2017 ലാണ് സൈക്കോളജിക്കല്‍ കൗണ്‍സലിംഗ് സെന്റര്‍ ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ് പ്രവര്‍ത്തനം തുടങ്ങിയത്. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം അവരുടെ കുടുംബങ്ങള്‍ക്കും ഹാറ്റ്സ് പദ്ധതിയിലുടെ മാനസിക പിന്തുണയും കൗണ്‍സലിംഗും നല്‍കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം 433 കൗണ്‍സലിംഗ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ല്‍ 729, 2023 ല്‍ 963, 2022 ല്‍ 986, 2021 ല്‍ 875 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2021 ല്‍ 875 പേരാണ് കൗണ്‍സലിംഗ് സഹായം തേടിയത്. 2020 ല്‍ 926 പേരും 2019 ല്‍ 897 പേരും 2018 ല്‍ 784 പേരും 2017 ല്‍ 600 പേരും കൗണ്‍സലിംഗ് സൗകര്യം പ്രയോജനപ്പെടുത്തി.
പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരിക നില മെച്ചപ്പെടുത്തുന്നതിനായി 2017 ല്‍ ഹാറ്റ്സ് പദ്ധതി ആരംഭിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആത്മഹത്യയ്ക്ക് കുറവൊന്നുമുണ്ടായില്ല. ഇതോടെ ഈ പദ്ധതി കൂടുതല്‍ പോലീസുകാരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലം വിഷമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിളിക്കാനായി 94979 01070 എന്ന ഹാറ്റ്സ് ഹെല്പ് ലൈന്‍ നമ്പറും നിലവിലുണ്ട്.
പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയ്ക്ക് ശമനമില്ലാതെ വന്നതോടെ സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് രണ്ടു വര്‍ഷം മുമ്പ് ഹാറ്റ്സ് പദ്ധതിയിലേക്കായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഗൂഗിള്‍ ഫോമിലൂടെ വിവര ശേഖരണവും നടത്തിയിരുന്നു.പോലീസുകാരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ മാനസിക സമ്മര്‍ദം, അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍, ജോലി സമ്മര്‍ദം, അഞ്ചു വര്‍ഷത്തിനിടയില്‍ എത്ര സ്ഥലം മാറ്റം കിട്ടിയിട്ടുണ്ട്, അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ ഫോം വഴി ശേഖരിച്ചു.
പഠന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ പോലീസ് സ്റ്റേഷനുകളിലും മെന്റര്‍ എന്ന നിലയില്‍ ആ സ്റ്റേഷനിലെ ഒരു ഓഫീസറെ തന്നെ നിയമിച്ച് സംസ്ഥാന തലത്തില്‍ പരിശീലനം നല്കി. ജില്ലാടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെന്റര്‍മാരുടെ സഹായം തേടാനാകും. കഴിഞ്ഞ വര്‍ഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 9497901070 എന്ന ഹാറ്റ്സ് ഹെല്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയത്. 24 മണിക്കൂറും സേവനം ലഭ്യമാണ്.
അഞ്ചു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 100 ലേറെ പേര്
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാനസിക സമ്മര്‍ദം മൂലം 100 ലേറെ പോലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. പെണ്‍സുഹൃത്ത് ആത്മഹത്യ ചെയ്തതിന്റെ വിഷമത്തില്‍ തൂങ്ങി മരിച്ച പോലീസ് ഉദ്യോഗസ്ഥനായ കോവളം വെള്ളാര്‍ സ്വദേശി അഖില്‍ (27)ആണ് ഒടുവിലത്തെ കണ്ണി. കിടപ്പുമുറിയുടെ ഫാനില്‍ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അഖില്‍ തിരുവനന്തപുരം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു.
- സീമ മോഹന്‍ലാല്‍
