പുകയുന്ന അഗ്നിപര്‍വതം സുന്ദരമായ ഹവായ് ദ്വീപ് ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുമോ ? അഗ്നിപര്‍വതങ്ങള്‍ നിറഞ്ഞ ദ്വീപില്‍ വിള്ളലുകള്‍; ഭൂകമ്പപ്പേടിയില്‍ ജനങ്ങള്‍…

ഹോണോലുലു: അമേരിക്കന്‍ സ്‌റ്റേറ്റും ലോകത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിലുമൊന്നായ ഹവായ് ലോകത്തില്‍ നിന്നും തുടച്ചു നീക്കപ്പെടുമോ ? കഴിഞ്ഞ ഒരാഴ്ചയായി ലോകമാകമാനം ഉയരുന്ന ചോദ്യമാണിത്. നാലു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തില്‍ ഹവായ് ദ്വീപ് വിറച്ചിരുന്നു. ഹവായിയിലെ ബിഗ് ഐലന്‍ഡിലുള്ള ഏറ്റവും സജീവ അഗ്‌നിപര്‍വതമായ കിലോയയാണ് ഇപ്പോഴും ആശങ്കയുടെ ലാവ പുറന്തള്ളിക്കൊണ്ടിരിക്കുന്നത്. അഗ്‌നിപര്‍വതത്തോടു ചേര്‍ന്നു പലയിടത്തും പുതിയ വിള്ളലുകള്‍ രൂപപ്പെടുകയാണ്. ഇവയ്ക്കുള്ളില്‍ നിന്നു ചുട്ടുപഴുത്ത ലാവയും പുറന്തള്ളപ്പെടുന്നു. എന്നാല്‍ ഇത് എത്രനാള്‍ തുടരും, ഇനിയും ഭൂകമ്പമുണ്ടാകുമോ എന്ന കാര്യങ്ങളില്‍ മറുപടി പറയാനാതാകെ വിയര്‍ക്കുകയാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ. സൂനാമി ഭീഷണിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അഗ്‌നിപര്‍വതബാധിത മേഖലകളില്‍ നിന്നു ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാനാകാത്തതും ആശങ്ക പടര്‍ത്തുന്നുണ്ട്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പൊട്ടിത്തെറിച്ച കിലോയ അഗ്നിപര്‍വതമാണ് ഹവായിയെ ആശങ്കയിലാക്കുന്നത്. ലാവ ജനവാസമേഖലകളിലേക്കും എസ്റ്റേറ്റുകളിലേക്കും ഒലിച്ചിറങ്ങിയതോടെ ഒഴിപ്പിക്കലും ആരംഭിച്ചു. വിഷവാതകങ്ങളും ഭീഷണിയായി ദ്വീപില്‍ നിറഞ്ഞു. ഇതിനു പിന്നാലെയാണു വെള്ളിയാഴ്ച ഹവായിയെ കുലുക്കി രണ്ട് ഭൂകമ്പങ്ങളുണ്ടാകുന്നത്. രാവിലെ 11.30നുണ്ടായത് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ രണ്ടാമത്തേതിനു 6.9 ആയിരുന്നു തീവ്രത. പന്ത്രണ്ടരയോടെയുണ്ടായ ഇതാകട്ടെ നാലു പതിറ്റാണ്ടിനിടെ ഹവായിയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂചലനവുമായി.

കെട്ടിടങ്ങളും മരങ്ങളും വിറയ്ക്കുകയും ആടിയുലയുകയും ചെയ്യുന്നതിന്റെയും സ്വിമ്മിങ് പൂളുകളില്‍ ഓളങ്ങളുണ്ടാകുന്നതിന്റെയും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതിനു മുന്‍പ് 1975ല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പൊട്ടിപ്പുറപ്പെട്ട അതേസ്ഥലമായിരുന്നു പുതിയ ഭൂകമ്പത്തിന്റെയും പ്രഭവകേന്ദ്രം. ഞായറാഴ്ചയോടെയായിരുന്നു ദ്വീപില്‍ പലയിടത്തും പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട് അതില്‍ നിന്നു ലാവ കുതിച്ചു ചാടാന്‍ തുടങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലേക്ക് ലാവ ഒഴുകിയതോടെ ഇതുവരെ രണ്ടായിരത്തോളം പേരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്.

ഒരുപക്ഷേ മാസങ്ങളോളം തുടരാവുന്ന ഭൂകമ്പങ്ങളും ലാവയുടെ വരവുമാണു ഗവേഷകര്‍ പ്രവചിക്കുന്നത്. നിലവില്‍ കിലോയ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ലെയ്ലനി എസ്റ്റേറ്റ് മേഖലയിലാണു പുതിയ വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ എഴുനൂറോളം വീടുകളാണുള്ളത്. 1700ലേറെപ്പേരെ ഒഴിപ്പിക്കുകയും ചെയ്തു. കിലോയയില്‍ നിന്ന് 19 കിലോമീറ്റര്‍ മാത്രം ദൂരെയാണ് ഈ എസ്റ്റേറ്റ്. ജനങ്ങള്‍ക്ക് എന്നു തിരികെയെത്താനാകും എന്ന ചോദ്യത്തിനു മറുപടിയായാണ് ‘ലാവാ പ്രവാഹം ഒരുപക്ഷേ ആഴ്ചകളും മാസങ്ങളും തുടരു’മെന്ന് ഹവായിയന്‍ വോള്‍ക്കാനോ ഒബ്‌സര്‍വേറ്ററി അധികൃതര്‍ പറഞ്ഞത്.

ലാവാപ്രവാഹം ദിവസം തോറും വര്‍ധിക്കുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. 1150 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയിലുള്ള ലാവാപ്രവാഹമാണു നിലവില്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്ന മേഖലയില്‍ വന്‍തോതിലാണ് സള്‍ഫര്‍ ഡൈ ഓക്‌സൈഡ് പോലുള്ള വിഷവാതകങ്ങളുടെ സാന്നിധ്യം. ഇത് ചര്‍മത്തില്‍ അലര്‍ജിയും ശ്വാസതടസ്സവും ഉണ്ടാക്കാന്‍ പോന്നതാണെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.
1955ലാണ് സമാനമായ സാഹചര്യം ഹവായില്‍ ഉണ്ടായത്. അന്ന് 88 ദിവസമായിരുന്നു ലാവാപ്രവാഹം തുടര്‍ന്നത്. ആ സമയത്താകട്ടെ ഇന്നുള്ള അത്രയും ജനങ്ങള്‍ പോലും കിലോയയ്ക്കു സമീപം താമസമുണ്ടായിരുന്നില്ല.

ഇപ്പോള്‍ ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയതോടെ ‘പ്രേതനഗര’ത്തിനു സമാനമാണ് ദ്വീപിലെ പല പ്രദേശങ്ങളുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഹവായിയിലെ അഞ്ച് അഗ്‌നിപര്‍വതങ്ങളില്‍ ഏറ്റവും സജീവമാണ് കിലോയ. കഴിഞ്ഞ 35 വര്‍ഷമായി ഇതു തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നു. ലാവയാകട്ടെ അഗ്‌നിപര്‍വതത്തിനു 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു വരെയെത്തി. നൂറോളം തുടര്‍ ഭൂചലനങ്ങള്‍ക്കു പിന്നാലെയായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച കിലോയ പൊട്ടിത്തെറിച്ചത്. ദ്വീപില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഇതുവരെ ആരും മരിച്ചതായോ പരുക്കേറ്റതായോ റിപ്പോര്‍ട്ടുകളില്ല. ഹവായി നാഷനല്‍ ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. എന്തായാലും ലോകമെങ്ങും ആശങ്ക പടത്തുന്നതാണ് ഹവായിയില്‍ നിന്നുള്ള വാര്‍ത്തകള്‍.

 

Related posts