വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകണമെന്ന അന്ത്യശാസനം ബുധനാഴ്ച പുലർച്ചെ മൂന്നരയ്ക്ക് അവസാനിക്കാനിരിക്കെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനെ ഇല്ലാതാക്കുമെന്നും ഊർജകേന്ദ്രങ്ങളും പാലങ്ങളും അടിസ്ഥാനസൗകര്യങ്ങളുമെല്ലാം തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. “ഒരൊറ്റ രാത്രികൊണ്ട് ആ രാജ്യം ഇല്ലാതാക്കാൻ കഴിയും, ആ രാത്രി നാളെയാകാം’ എന്നാണ് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞത്.
അതേസമയം, അമേരിക്കയുടെ വ്യോമാക്രമണ ഭീഷണി നേരിടാൻ രാജ്യത്തെ യുവജനതയെ അണിനിരത്താനാണ് ഇറാന്റെ തീരുമാനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ പ്രധാന ഊർജകേന്ദ്രങ്ങൾക്കു ചുറ്റും വിദ്യാർഥികളും കായികതാരങ്ങളും കലാകാരന്മാരും ചേർന്നു മനുഷ്യച്ചങ്ങല തീർക്കും. “ഉജ്വലമായ ഭാവിക്കായി ഇറാൻ യുവജനത തീർക്കുന്ന മനുഷ്യച്ചങ്ങല’ എന്നാണ് ഈ പ്രതീകാത്മക പ്രതിഷേധത്തിനു നൽകിയിരിക്കുന്ന പേര്.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനുള്ള യുവതലമുറയുടെ പ്രതിജ്ഞാബദ്ധത ലോകത്തെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമാവില്ലേ എന്ന ചോദ്യത്തിന്, തനിക്ക് അതിൽ ഒട്ടും ആശങ്കയില്ലെന്നാണ് ട്രംപ് മറുപടി നൽകിയത്.
ഇറാന്റെ നിലവിലെ ഭരണകൂടം മാറാൻ ഇത്തരം നീക്കങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ബോംബാക്രമണ ഭീതി നിലനിൽക്കുമ്പോഴും ഇറാനിൽ ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ സൂചനകളില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, ഇറാന്റെ പെട്രോകെമിക്കൽ പ്ലാന്റിനുനേരേ ഇസ്രയേൽ ആക്രമണം നടത്തിയതും റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് മേധാവിയെ വധിച്ചതും മേഖലയിൽ സംഘർഷം ഇരട്ടിയാക്കിയിട്ടുണ്ട്.
സമാധാനത്തിനായുള്ള 45 ദിവസത്തെ വെടിനിർത്തൽ കരാർ ഇറാൻ തള്ളിക്കളഞ്ഞു. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന ഉറപ്പാണ് ഇറാൻ ആവശ്യപ്പെടുന്നത്. പാക്കിസ്ഥാൻ വഴി പത്തിന സമാധാന പദ്ധതി ഇറാൻ മുന്നോട്ടുവച്ചെങ്കിലും അമേരിക്കയോടുള്ള അവിശ്വാസം ടെഹ്റാൻ പരസ്യമായി പ്രകടിപ്പിച്ചു.
മുൻപ് ചർച്ചകൾ നടക്കുന്നതിനിടെ രണ്ടുതവണ അമേരിക്ക ബോംബാക്രമണം നടത്തിയത് ഇറാൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇരുവിഭാഗവും നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ടെങ്കിലും അന്ത്യശാസനത്തിന്റെ കാലാവധി തീരാനിരിക്കെ ലോകം ആശങ്കയോടെയാണ് വരും മണിക്കൂറുകളെ നോക്കിക്കാണുന്നത്.
