സാൻ ഫ്രാൻസിസ്കോ: ലോകപ്രശസ്ത ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാംഗ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരു വനിതാ എക്സിക്യൂട്ടീവിയുമായി അടുപ്പത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ കമ്പനി ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. ചൈനയ്ക്കുവേണ്ടി വിവരം ചോർത്താൻ ശ്രമിച്ച വ്യക്തിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി ജെൻസൺ ഹുവാംഗ് ബോർഡിന് മുന്നിൽ സമ്മതിക്കുകയായിരുന്നു.
തന്റെ ഭാര്യയോട് താൻ നീതിപുലർത്തിയിട്ടില്ലെന്നും, ഈ നടപടികൾ കുടുംബത്തിന് വലിയ വേദന ഉണ്ടാക്കിയെന്നും ജീവനക്കാർക്കും ബോർഡിനും അയച്ച സന്ദേശത്തിൽ 63 കാരനായ ഹുവാംഗ് വ്യക്തമാക്കി. എന്നാൽ കമ്പനിയുടെ രഹസ്യങ്ങളോ ദേശീയ സുരക്ഷയോ ഈ ബന്ധം വഴി ചോർന്നിട്ടുണ്ടെന്ന് കരുതാൻ കാരണങ്ങളൊന്നുമില്ലെന്ന് എൻവിഡിയ ബോർഡ് പ്രസ്താവിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ജെൻസൺ ഹുവാംഗ് അറിയിച്ചിട്ടുണ്ട്. അന്വേഷണ കാലയളവിലും അദ്ദേഹം സിഇഒ ആയി തുടരുമെന്ന് കമ്പനി വ്യക്തമാക്കി.
സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡാറ്റാ സെന്റർ കമ്പനിയായ ‘മെഗാസ്പീഡ്’ എക്സിക്യൂട്ടീവായ ആലീസ് ഹുവാംഗ് എന്ന സ്ത്രീയുമായിട്ടാണ് ജെൻസൺ ഹുവാംഗ് ബന്ധം പുലർത്തിയിരുന്നത്. ഈ വനിത ബെയ്ജിംഗിന് വേണ്ടി രഹസ്യ വിവരങ്ങൾ കൈമാറുന്നതായി യുഎസ് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിരുന്നു. വിഷയത്തിൽ പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജെൻസൺ ഹുവാംഗ് രാജ്യത്തിനായി വലിയ സേവനങ്ങളാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹത്തിന് കീഴിൽ കമ്പനി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
