ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അയൽരാജ്യമായ പാക്കിസ്ഥാനിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും ആഭ്യന്തര പ്രതിഷേധങ്ങൾക്കും വഴിതുറന്നു.
മാസങ്ങളോളം നീണ്ട നയതന്ത്ര നീക്കങ്ങൾക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ശേഷം, ഇന്ത്യയെക്കാൾ ഉയർന്ന ഇറക്കുമതി തീരുവ പാകിസ്ഥാനു നേരിടേണ്ടി വന്നതാണ് പാക് ജനതയെയും പ്രതിപക്ഷത്തെയും പ്രകോപിതരാക്കിയത്.
കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനമായി അമേരിക്ക കുറച്ചു. എന്നാൽ പാകിസ്ഥാന് ഇത് 19 ശതമാനമാണ്. വെറും ഒരു ശതമാനത്തിന്റെ വ്യത്യാസമാണെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ കൈവരിച്ച തന്ത്രപരമായ വിജയമാണിതെന്നു വിലയിരുത്തപ്പെടുന്നു.
യൂറോപ്യൻ യൂണിയനുമായുള്ള കരാറിനു പിന്നാലെ അമേരിക്കയുമായും കരാറിലെത്തിയത് അടുത്ത പത്തുവർഷത്തിനുള്ളിൽ ഇന്ത്യയുടെ കയറ്റുമതിയിൽ 150 ബില്യൺ ഡോളറിന്റെ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രംപിനെ സമാധാന നൊബേൽ സമ്മാനത്തിനു നാമനിർദ്ദേശം ചെയ്യുകയും ബോർഡ് ഓഫ് പീസിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുകയും ചെയ്ത പാക് സർക്കാരിന്റെ നടപടികൾക്ക് തിരിച്ചടിയേറ്റ ലക്ഷണമാണ് ഇപ്പോൾ കാണുന്നത്. പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ കടുത്ത ആരോപണം.
21-ാം നൂറ്റാണ്ടിലെ വിദേശനയം എന്നതു വ്യക്തിബന്ധങ്ങളോ ഫോട്ടോ ഷൂട്ടുകളോ അല്ലെന്നും അത് സാമ്പത്തിക കരുത്തും വിപണിയിലെ സ്വാധീനവുമാണെന്നും ഇന്ത്യയുടെ വിജയം അതാണ് തെളിയിക്കുന്നതെന്നും പാക്കിസ്ഥാൻ മുൻ മന്ത്രി ഹമ്മദ് അസ്ഹർ പറഞ്ഞു.
പാക് സർക്കാരിനെതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്. ട്രംപ് ഒരു ബിസിനസുകാരനാണ്. അദ്ദേഹം ഇന്ത്യയെ ഒരു പങ്കാളിയായി കണ്ടു. എന്നാൽ പാകിസ്ഥാനെ ഒരു “സെയിൽസ്മാൻ’ ആയാണ് പരിഗണിച്ചതെന്ന് പാക് മാധ്യമങ്ങൾ പറയുന്നു.
