ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ഹ്രസ്വദൂര വ്യോമപ്രതിരോധ മിസൈൽ ‘വിഷോറാഡ്സ്’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ചാന്ദിപുർ സംയോജിത പരീക്ഷണനിലയത്തിൽ നടന്ന മൂന്നു ഘട്ടങ്ങളായുള്ള വിക്ഷേപണങ്ങളും ലക്ഷ്യം ഭേദിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ശത്രുരാജ്യങ്ങളുടെ വിമാനങ്ങൾക്കും ഡ്രോണുകൾക്കുമെതിരേ സൈന്യത്തിന് അതിവേഗം പ്രയോഗിക്കാൻ കഴിയുന്നതാണ് പുതിയ മിസൈൽ സംവിധാനം. അതിർത്തിയിലെ വ്യോമപ്രതിരോധം കൂടുതൽ ശക്തമാക്കാൻ ഈ പുതിയ ആയുധം സഹായിക്കും.
ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന ആകാശലക്ഷ്യങ്ങളെ വിവിധ ഉയരങ്ങളിലും ദൂരപരിധികളിലും തകർക്കാനുള്ള മിസൈലിന്റെ ശേഷി വീണ്ടും ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷണങ്ങൾ നടത്തിയത്. സൈനികർക്ക് തോളിൽവച്ചു തൊടുക്കാവുന്ന രീതിയിലാണ് മിസൈലിന്റെ രൂപകൽപ്പന. വിവിധ യുദ്ധസാഹചര്യങ്ങളെ മുൻനിർത്തി നടത്തിയ പരീക്ഷണങ്ങളിൽ വിജയം കൈവരിച്ചതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഡിആർഡിഒയുടെ കീഴിലുള്ള ഇമ്രാത് റിസർച്ച് സെന്ററും (ആർസിഐ) മറ്റ് ലാബുകളും ഇന്ത്യൻ വ്യവസായ പങ്കാളികളും ചേർന്നാണ് മിസൈൽ വികസിപ്പിച്ചത്. അവസാനഘട്ട പരീക്ഷണമായതിനാൽ, ഫീൽഡ് ഓപ്പറേറ്റർമാർ തന്നെയാണ് മിസൈൽ തൊടുക്കുന്നതിനും ലക്ഷ്യം കണ്ടെത്തുന്നതിനും നേതൃത്വം നൽകിയത്.
ടെലിമെട്രി, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റം, റഡാറുകൾ എന്നിവ വഴി ശേഖരിച്ച വിവരങ്ങൾ മിസൈലിന്റെ കൃത്യതയും പ്രഹരശേഷിയും ഉയർന്നതോതിലാക്കുന്നു. വിജയകരമായ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ ഉദ്യോഗസ്ഥരെയും സായുധ സേനയെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
വിഷോറാഡ്സ് മിസൈലുകൾ ഉടൻ തന്നെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം അറിയിച്ചു. കര-നാവിക-വ്യോമസേനകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണങ്ങൾ.
