കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഉടന്‍ അമേരിക്കയെ മറികടക്കും ! രോഗത്തിന്റെ രണ്ടാം വരവില്‍ ഭയന്ന് യൂറോപ്പ്; കോവിഡ് വീണ്ടും ലോകത്തെ കീഴടക്കുമ്പോള്‍…

കോവിഡ് ലോകത്തെ കീഴടക്കി മുന്നേറുമ്പോള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം ഇതുവരെ 10,02,137 പേരാണ് ഈ മഹാമാരിക്ക് കീഴടങ്ങി ജീവന്‍ വെടിഞ്ഞത്.

3,32,97,503 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്. ലോകത്തിലെ 210 രാജ്യങ്ങളില്‍ ഇതിനോടകം കോവിഡ്-19 രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

ശൈത്യകാലമടുത്തതോടെ കോവിഡിന്റെ രണ്ടാം വരവില്‍ ഭയന്നിരിക്കുകയാണ് യൂറോപ്പ്. വുഹാനില്‍ കൊറോണയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ആറുമാസങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ അഞ്ചു ലക്ഷം പേര്‍ക്കാണ് കോവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടതെങ്കില്‍, അത് 10 ലക്ഷമാകുവാന്‍ പകുതി സമയമേ എടുത്തുള്ളു എന്നത് ഭീതിയുണര്‍ത്തുന്ന കാര്യമാണ്.

ഒട്ടു മിക്ക രാജ്യങ്ങളിലെയും പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം യഥാര്‍ഥ കണക്കുകള്‍ ഇപ്പോഴത്തേതിന്റെ പല മടങ്ങാകാനാണ് സാധ്യത. ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിന്റെ 15 ശതമാനവും ബ്രസീല്‍,ഇന്ത്യ,അമേരിക്ക എന്നീ രാജ്യങ്ങളിലാണ്.

അതേസമയം, പ്രതിദിനം പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ മറ്റ് രണ്ടു രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. ഇത് സൂചിപ്പിക്കുന്നത് ഏറെ താമസിയാതെ തന്നെ, ലോകത്തില്‍ ഏറ്റവും ഗുരുതരമായി കോവിഡ് ബാധയുണ്ടായ രാജ്യമായി ഇന്ത്യ മാറുമെന്നാണ്.

70 ലക്ഷത്തിലധികം പേര്‍ക്കാണ് ഒരു ദിവസം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ഏകദേശം 90000 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രസീലിനെയും അമേരിക്കയെയും അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നതു മാത്രമാണ് ആശ്വാസം.

മാത്രമല്ല കഴിഞ്ഞ ആഴ്ചയെ ശരാശരി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏകദേശം 7000 പേരുടെ കുറവ് വന്നിട്ടുണ്ട് എന്നതും ഒരു ആശ്വാസമാണ്. സെപ്റ്റംബര്‍ 16ന് ഇന്ത്യയില്‍ 97,894 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇടയ്ക്ക് ഒന്ന് ഒതുങ്ങിയെങ്കിലും കോവിഡിന്റെ രണ്ടാം വരവിനു മുമ്പില്‍ എന്തു ചെയ്യണമന്നറിയാതെ പകച്ചു നില്‍ക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫലപ്രദമായ വാക്‌സിന്‍ ഇതുവരെ കണ്ടെത്താത്ത നിലയ്ക്ക് വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

Related posts

Leave a Comment