പരവൂർ: ഇന്ത്യൻ റെയിൽവേയുടെ മുഖഛായ മാറ്റുന്ന വിപുലമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. 2025-26 സാമ്പത്തിക വർഷത്തിൽ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിൽ 100 വൻകിട പദ്ധതികളാണ് നടപ്പിലാക്കുന്നത്. റെയിൽവേ ശൃംഖലയിൽ 6,000 കിലോമീറ്ററിലധികം പുതിയ പാതകൾ കൂട്ടിച്ചേർക്കുന്ന ഈ സംരംഭം റെയിൽവേ വികസനത്തിലെ ചരിത്ര നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് റെയിൽവേയുടെ വികസന പ്രവർത്തനങ്ങളിൽ ഇത്തവണ ഇരട്ടിയിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പദ്ധതികൾക്ക് നൽകിയ അംഗീകാരത്തിൽ 56 ശതമാനവും, പുതിയ പാതകളുടെ ദൈർഘ്യത്തിൽ 114 ശതമാനവും വർധനയുണ്ടായി. സാമ്പത്തിക നിക്ഷേപത്തിന്റെ കാര്യത്തിൽ 110 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
പ്രധാന റൂട്ടുകളിലെ തിരക്ക് ലഘൂകരിക്കുന്നതിനും ട്രെയിനുകളുടെ സമയനിഷ്ഠ ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്. പുതിയ റെയിൽവേ ലൈനുകൾക്ക് പുറമെ നിലവിലുള്ള പാതകൾ ഇരട്ടിപ്പിക്കുകയും മൾട്ടി ട്രാക്കിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ഇത് യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം ചരക്ക് നീക്കം വേഗത്തിലാക്കാനും സഹായിക്കും.
മഹാരാഷ്ട്ര (17 പദ്ധതികൾ), ബിഹാർ (11), ജാർഖണ്ഡ് (10), മധ്യപ്രദേശ് (ഒമ്പത്) എന്നീ സംസ്ഥാനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കൂടുതൽ പരിഗണന ലഭിച്ചിരിക്കുന്നത്.വിദൂര, ആദിവാസി മേഖലകളിലെ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ ഇത്തവണ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ റെയിൽവേയുടെ സാന്നിധ്യം എത്തുന്നതോടെ വിപണികളിലേക്കുള്ള പ്രവേശനം, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അംഗീകാരം നൽകിയതിൽ 35-ലധികം പദ്ധതികൾ 1000 കോടി രൂപയിലധികം ചിലവ് വരുന്ന വൻകിട നിർമാണങ്ങളാണ്. ചരക്ക് നീക്കം പ്രതിവർഷം 3000 മെട്രിക് ടണ്ണായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള “മിഷൻ 3000′ സംരംഭത്തിന്റെ ഭാഗമാണ് ഈ നിക്ഷേപങ്ങൾ. കൽക്കരി, ധാതുക്കൾ എന്നിവയുടെ വേഗത്തിലുള്ള നീക്കത്തിനും തുറമുഖങ്ങളെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാനും പുതിയ പദ്ധതികൾ കരുത്തേകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
- എസ്.ആർ. സുധീർ കുമാർ
