ലണ്ടൻ/വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യ സൈനിക താവളത്തിനനേരേ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഇറാൻ. രണ്ടു മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത നിയന്ത്രണത്തിലുള്ള താവളം ലക്ഷ്യമിട്ടതിലൂടെ, തങ്ങളുടെ മിസൈൽ പ്രഹരശേഷി നാലായിരം കിലോമീറ്ററിലധികം ദൂരത്തേക്കു വ്യാപിച്ചിരിക്കുന്നു എന്ന ശക്തമായ മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്.
ഇറേനിയൻ മണ്ണിൽനിന്നു തൊടുത്ത മിസൈലുകളിൽ തകർന്നുവീണതായും രണ്ടാമത്തേത് അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുള്ള എസ്എം-3 ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താവളത്തിനു നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും സൈനിക നടപടികളിൽ നിർണായക പങ്കുവഹിച്ച ഡീഗോ ഗാർഷ്യ ലക്ഷ്യമിടുന്നത് മേഖലയിലെ യുഎസ് താത്പര്യങ്ങൾക്കു വലിയ ഭീഷണിയായാണു കണക്കാക്കപ്പെടുന്നത്.
ഇറാന്റെ സൗത്ത് പാർസ് പ്രകൃതിവാതക കേന്ദ്രങ്ങൾക്കുനേരേ ഇസ്രയേൽ നടത്തിയ ആക്രമണത്തോടെയാണു പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളായത്.
മറുപടിയായി ഖത്തറിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റിനുനേരേ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതോടെ ആഗോള ഊർജവിപണി കടുത്ത പ്രതിസന്ധിയിലാവുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂർണമായും നിലയ്ക്കുകയും ചെയ്തു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾ തുടരുകയാണെങ്കിൽ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.അമേരിക്കയുടെ പിന്മാറ്റ സൂചനകൾക്കിടയിലും മേഖലയിൽ സംഘർഷം അയവില്ലാതെ തുടരുകയാണ്.
