വാഷിംഗ്ടൺ ഡിസി: ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള കപ്പലുകളുടെ സഞ്ചാരത്തെ അമേരിക്കൻ സൈന്യം തടസപ്പെടുത്തില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻകോം) എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി. ഇറാനുമായുള്ള കരാറിലെ എല്ലാ വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസ് നാവികസേനയുടെ കപ്പലുകൾ പ്രദേശത്ത് തുടരുമെന്നും സെൻകോം പറഞ്ഞു.
കരാറിനപ്പുറമുള്ള കാര്യങ്ങൾ പ്രവർത്തിക്കാൻ യുഎസ് മുതിർന്നാൽ ഇറാൻ അത് അംഗീകരിക്കില്ലെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയി പറഞ്ഞതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പശ്ചിമേഷ്യൻ യുദ്ധത്തിന് അറുതി വരുത്തി അമേരിക്കയും ഇറാനും ഇന്നലെ സമാധാനക്കരാറിൽ ഒപ്പുവച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി വെഴ്സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറിൽ ഒപ്പുവച്ചത്.
കരാറിന്റെ അന്തിമരൂപത്തിൽ ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഒപ്പുവച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി പറഞ്ഞു. ഇറാൻ കരാർ ലംഘിച്ചാൽ കടുത്ത ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
