വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ സൈനിക നടപടി ലക്ഷ്യത്തോടടുക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ ഇടപെടൽ വൈകാതെ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷങ്ങൾ ഉടൻ അവസാനിച്ചേക്കുമെന്ന ശക്തമായ സൂചനയാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ നൽകിയത്. ആറാഴ്ചത്തെ ദൗത്യമാണ് ലക്ഷ്യമിട്ടിരുന്നതെന്നും മൂന്ന് ആഴ്ച പിന്നിടുമ്പോൾ ഇറാന്റെ പ്രഹരശേഷി ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു.
ഇറാനുമായി വെടിനിർത്തലിനു താൻ തയാറല്ലെന്ന് ട്രംപ് വ്യക്തമാക്കി. “ഞങ്ങൾ വിജയിച്ചുകഴിഞ്ഞു, ശത്രുവിനെ തകർത്തുകൊണ്ടിരിക്കുമ്പോൾ വെടിനിർത്തലിന്റെ ആവശ്യമില്ല’- ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാചുമതല ഇനി ആ വഴി ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അമേരിക്ക കാവൽനിൽക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ആഗോള എണ്ണ വിപണിയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാനു മേലുള്ള എണ്ണ ഉപരോധത്തിൽ അമേരിക്ക താത്കാലിക ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് 20ന് മുമ്പ് കപ്പലുകളിൽ കയറ്റിയ ഇറേനിയൻ ക്രൂഡ് ഓയിൽ വിൽക്കാൻ അനുമതി നൽകുന്നതിലൂടെ 140 ദശലക്ഷം ബാരൽ എണ്ണ വിപണിയിലെത്തും. ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതിനെത്തുടർന്ന് എണ്ണവില കുതിച്ചുയരുകയും ആഗോള വിപണിയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ നീക്കം.
അമേരിക്കയുടേത് വൈരുധ്യം നിറഞ്ഞ വാക്കുകളാണെന്നും ശത്രുവിനു തങ്ങൾ “കനത്ത പ്രഹരം’ നൽകിയതായും ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് പ്രതികരിച്ചു. അതേസമയം, സംഘർഷം ലഘൂകരിക്കുമെന്ന് ട്രംപ് പറയുമ്പോഴും, മേഖലയിലേക്ക് 2,500 ഓളം അമേരിക്കൻ മറീനുകളെ കൂടി അയക്കാൻ പെന്റഗൺ നീക്കം നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
