കൊച്ചി: എറണാകുളം വടുതല കര്‍ഷക റോഡ് ഗ്രീന്‍ ഗാര്‍ഡനില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം വിളപ്പില്‍ശാല കാരുവിള കനക വിഹാറില്‍ സുരേന്ദ്രന്‍നായരുടെ ഭാര്യ ശ്രീകുമാരി (57), മകള്‍ അശ്വതി. എസ്. നായര്‍ (37), ഇവരുടെ മക്കളായ കാര്ണിവന് (11), എട്ടു വയസുള്ള ആണ്‍കുട്ടി, അഞ്ചു വയസുള്ള പെണ്‍കുട്ടി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകുമാരിയും അശ്വതിയും
ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മക്കള്‍ രണ്ടു മുറികളില്‍ മരിച്ചുകിടക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ട്. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ ഇവിടെ രണ്ടു മാസമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും എത്തിയിട്ടുണ്ട്.
ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നവരും മറ്റും വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റാണ് ഗ്രീന്‍ ഗാര്ഡന്. അപ്പാര്‍ട്ട്മെന്റിന്റെ ഉടമ വിദേശത്താണ്. ഇദ്ദേഹത്തിന്റെ സഹോദരന് വഴിയാണ് ഇവര്‍ വീട് വാടകയ്ക്ക് എടുത്തത്. രണ്ടു ദിവസമായി കുടുംബത്തെ പുറത്തു കാണാത്തതു കൊണ്ടാണ് അടുത്ത വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചത്. കുട്ടികള്‍ക്ക് വിഷം നല്‍കിയതാകാമെന്നാണ് കരുതുന്നത്.
കുട്ടികളില്‍ ആര്‍ക്കെങ്കിലും അസുഖം തിരിച്ചറിഞ്ഞ് കൊല ചെയ്തതാകാമെന്നു സംശയിക്കുന്നു. ഭര്‍ത്താവ് കരള്‍ രോഗബാധിതനായി മരിച്ചുവെന്നും അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നുവെന്നും സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു.ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലം എംഎല്‍എയും സ്ഥലത്ത് എത്തിയിട്ടുണ്ട്. നോര്‍ത്ത് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
സ്വന്തം ലേഖിക
