കാഞ്ഞിരപ്പള്ളി: കപ്പാട് ഗവൺമെന്റ് പന്നി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ സ്വൈൻ പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കി. ഫാമിലെ 20 വലിയ പന്നികളെയും 175 കുഞ്ഞുപന്നികളെയുമാണ് കൊന്നൊടുക്കിയത്.
പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമാണിതെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.മറ്റ് മൃഗങ്ങളിലേക്കു രോഗം പകരുന്നതിനുള്ള സാധ്യതയില്ല. കഴിഞ്ഞ 21-നാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്.
തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഒന്നിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ യോഗത്തില്‍ ഇവയെ നിര്‍മാര്‍ജനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
കപ്പാട് പ്രവര്‍ത്തിക്കുന്ന പന്നി ഫാമിനോട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
