വളര്‍ച്ച കുറഞ്ഞില്ലെന്ന വാദവുമായി ജയ്റ്റ്‌ലി

jaitlyന്യൂഡല്‍ഹി: കറന്‍സി പിന്‍വലിക്കല്‍മൂലം വളര്‍ച്ചയ്ക്കു പ്രശ്‌നമില്ലെന്ന വാദവുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നികുതി വരുമാനം വര്‍ധിച്ചതാണു ജയ്റ്റ്‌ലി ന്യായമായി എടുത്തുപറഞ്ഞത്.ഡിസംബറില്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 31.6 ശതമാനം വര്‍ധന ഉണ്ടായി. 36,000 കോടി രൂപയാണ് ഡിസംബറിലെ എക്‌സൈസ് ഡ്യൂട്ടി പിരിവ്. ഇതു തലേ ഡിസംബറിലേക്കാള്‍ 31.5 ശതമാനം കൂടുതലാണ്. തലേ ഡിസംബറിലേക്കാള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലും നികുതിനിരക്കിലും ഉണ്ടായ വര്‍ധന എത്രയാണെന്നു മാത്രം മന്ത്രി പറഞ്ഞില്ല. എക്‌സൈസ് ഡ്യൂട്ടി മുഴുവന്‍ ഫാക്ടറി ഉത്പാദനത്തിന്റെ ആണെന്നും ഉത്പാദനം കുറഞ്ഞില്ലെന്നാണ് ഉയര്‍ന്ന നികുതി പിരിവ് കാണിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.

റദ്ദായ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വേണ്ടി അമിതമായി ഇന്ധനം വാങ്ങിയതും പെട്രോള്‍ഡീസല്‍ വില്പന വര്‍ധിപ്പിച്ചു. നികുതിയടയ്ക്കാന്‍ റദ്ദായ നോട്ടുകള്‍ അനുവദിച്ചിരുന്നതുമൂലം നികുതി കുടിശികകള്‍ തീര്‍ത്തതും നികുതി പിരിവ് വര്‍ധിപ്പിച്ച ഘടകമാണ്.
ഡിസംബറില്‍ കസ്റ്റംസ് ഡ്യൂട്ടി 6.3 ശതമാനം കുറയുകയാണുണ്ടായത്. സ്വര്‍ണ ഇറക്കുമതി കുറഞ്ഞതാണു കാരണം. സേവനനികുതി 12.4 ശതമാനം മാത്രം വര്‍ധിച്ചു.

ഏപ്രില്‍ഡിസംബറില്‍ പരോക്ഷനികുതി പിരിവ് 25 ശതമാനം വര്‍ധിച്ച് 6.3 ലക്ഷം കോടിയായി. എക്‌സൈസ് ഡ്യൂട്ടിയില്‍ 43 ശതമാനവും (ആകെ 2.7 ലക്ഷം കോടി) സേവനനികുതിയില്‍ 23.9 ശതമാനവും (1.83 ലക്ഷം കോടി രൂപ) കസ്റ്റംസ് ഡ്യൂട്ടിയില്‍ 4.1 ശതമാനവും (1.67 ലക്ഷം കോടി) വര്‍ധനയുണ്ട്.ഇതേ കാലയളവില്‍ പ്രത്യക്ഷനികുതി 12.01 ശതമാനംകൂടി 5.53 ലക്ഷം കോടി രൂപയായി.

Related posts