ജോൺ എബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രം ‘അമ്മ അറിയാൻ’ 4K പതിപ്പ് കാനിൽ പ്രദർശനത്തിനൊരുങ്ങുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോർ ചെയ്തത്. മെയ് 16 ന് കാനിലെ ബുനുവല്‍ തിയറ്ററില്‍ വൈകീട്ട് 3:45നാണ് സ്ക്രീനിങ്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോർ ചെയ്തത്. ഈ വർഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണ് അമ്മ അറിയാൻ.ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റീസ്റ്റോർ ചെയ്ത് കാനിലെ വേൾഡ് ക്ലാസിക് വിഭാഗത്തിൽ തുടർച്ചയായി പ്രദർശിക്കുന്ന ആറാം ചിത്രം കൂടിയാണ് അമ്മ അറിയാൻ.
ക്രൗഡ് ഫണ്ടിംഗ് എന്നെല്ലാം കേള്‍ക്കുന്നതിനും ഏറെക്കാലം മുമ്പ് സംഘടിപ്പിച്ച ഒഡേസ്സ കളക്ടീവ് എന്ന സിനിമാ പ്രേമികളുടെ കൂട്ടായ്മയാണ് ചിത്രം നിര്‍മിച്ചത്. ഒപ്പം ലാഭം മാത്രം നോക്കുന്ന മുഖ്യധാരാ നിര്‍മണ-വിതരണ സംവിധാനങ്ങളില്‍ നിന്ന് മോചനം നേടുക എന്ന ലക്ഷ്യത്തിലേക്കുള്ള വിപ്ലവകരമായ പരീക്ഷണമായി കൂടി അത് മാറി.
2001-ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ചിത്രമാണിത്. ഈ സിനിമയ്ക്കുലഭിക്കുന്ന മറ്റൊരു വലിയ ആഗോള അംഗീകാരമാകും കാനിലെ സ്ക്രീനിങ്. ചിത്രത്തിൽ സംഗീതം സുനിതയും സൗണ്ട് റെക്കോഡിങ് കൃഷ്ണനുണ്ണിയും കലാസംവിധാനം രമേഷുമാണ് നിർവഹിച്ചിരിക്കുന്നത്. ജോയ് മാത്യുവിനെക്കൂടാതെ മാജി വെങ്കടേഷ്, കുഞ്ഞിലക്ഷ്മി അമ്മ, ഹരിനാരായണൻ, നിലമ്പൂർ ബാലൻ, രാമചന്ദ്രൻ മൊകേരി, നസീം, വേണു കെ. മേനോൻ, ആനന്ദ്, റഷീദ്, ഹംസ, സത്യൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ വിപ്ലവാത്മക ശബ്ദങ്ങളിലൊന്നാണ് സംവിധായകൻ ജോൺ എബ്രഹാമെന്ന് ചലച്ചിത്ര സംവിധായകൻ കൂടിയായ ശിവേന്ദ്രസിങ് ദുംഗാർപൂർ പറഞ്ഞു. ’തമ്പ്’ (അരവിന്ദൻ), ’ഇശാനു’ (അരിബം ശ്യാം ശർമ), ’മന്ഥൻ’ (ശ്യാം ബെനഗൽ), ’ആരണ്യേർ ദിൻരാത്രി’ (സത്യജിത് റേ), ’ഗെഹേനു ലമൈ’ (സുമിത്ര പെരീസ്) എന്നീ ചിത്രങ്ങളാണ് 2022 മുതൽ 2025 വരെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ കാനിലെ റെഡ് കാർപ്പെറ്റ് ലോക പ്രീമിയറുകളിൽ എത്തിച്ച സിനിമകൾ. 1987ൽ വിടപറഞ്ഞ ജോൺ എബ്രഹാം സംവിധാനം ചെയ്ത നാല് സിനിമകളിൽ അവസാനത്തേതായിരുന്നു ‘അമ്മ അറിയാൻ’.
