തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കെ. സുധാകരൻ പ്രസ്താവന നടത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ സൈബർ പൊലിസ് കേസെടുത്തു. രാജീവ് പി.ആർ. രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രസ്താവന പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുധാകരൻ നേരത്തെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. വ്യാജപ്രചാരണത്തിന്റെ ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. താൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശങ്ങളും പോസ്റ്ററുകളും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സുധാകരൻ വ്യക്തമാക്കി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ബോധപൂർവമായ ശ്രമമാണ് ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വ്യാജവാർത്താ പ്രചാരണവും വ്യക്തിഹത്യയും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അംഗീകരിക്കാനാകില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ നിയമവിരുദ്ധമായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
