ശ്രീധരന്‍പിള്ളയെ മാറ്റി കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം, കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കും, അമിത് ഷായുടെ ശ്രമം സമ്പൂര്‍ണ പൊളിച്ചെഴുത്ത്

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ഉടനടി മാറ്റമുണ്ടാകുമെന്ന് ഉറപ്പായി. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ പലപ്പോഴും നിലപാടു മാറിയും അവസരം മുതലാക്കാതെ പ്രവര്‍ത്തിച്ചും നേതൃത്വത്തിന് അനഭിമതനായി മാറിയിരിക്കുകയാണ് പി.എസ്. ശ്രീധരന്‍പിള്ള. വി. മുരളീധരന്‍ പക്ഷമാണ് ഇപ്പോള്‍ നേതൃമാറ്റത്തിനായി കേന്ദ്രത്തെ സമീപിച്ചത്.

അടുത്തിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ ബിജെപി കേന്ദ്രനിരീക്ഷകരും ശ്രീധരന്‍പിള്ളയെ മാറ്റുന്ന കാര്യത്തില്‍ അനുകൂലമ നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന. ശബരിമല പ്രക്ഷോഭത്തില്‍ ജയിലില്‍ പോയ കെ. സുരേന്ദ്രനെ പുതിയ പ്രസിഡന്റാക്കണമെന്നാണ് ഭൂരിപക്ഷം പേരുടെയും ആവശ്യം. കേന്ദ്രനേതൃത്വത്തിനും ആര്‍എസ്എസിനും ഇതുതന്നെയാണ് താല്പര്യം. കൂടുതല്‍ ഊര്‍ജസ്വലനായ സുരേന്ദ്രന്‍ വന്നാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗതിവേഗം ലഭിക്കുമെന്നാണ് അമിത് ഷായും കരുതുന്നത്.

അതേസമയം മിസോറാം ഗവര്‍ണറായി പോയ കുമ്മനം രാജശേഖരനെയും തിരിച്ചെത്തിക്കും. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കുമ്മനം അല്ലെങ്കില്‍ രാജ്യസഭ എംപിയായ സുരേഷ് ഗോപി സ്ഥാനാര്‍ഥി. ശശി തരൂര്‍ കോണ്‍ഗ്രസിനായി മത്സരിക്കുമെന്ന് ഉറപ്പായ സ്ഥിതിക്ക് തലയെടുപ്പുള്ള നേതാവ് വേണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമാണ്.

Related posts