കടനാട്: കടനാട് ചെക്ക്ഡാമില്‍ ഇനി കുഞ്ഞങ്കന്റെ വള്ളത്തില്‍ സവാരി ചെയ്യാം. കടനാട് തച്ചുകുളത്തില് തങ്കച്ചന് എന്ന കുഞ്ഞങ്കന് സ്വന്തമായി നിര്‍മിച്ച തച്ചുകുളം ചുണ്ടന് ഇന്നലെ നീറ്റിലിറക്കി.
കുഞ്ഞങ്കന് മൂന്നു ദിവസം കൊണ്ടാണ് ഈ ചുണ്ടന് വള്ളം നിര്‍മിച്ചത്. വീപ്പയും സ്ക്വയര്‍ പൈപ്പും ഉപയോഗിച്ചായിരുന്നു നിര്‍മാണം. 12 അടി നീളവും രണ്ടടി വീതിയും ഈ ചുണ്ടന് വള്ളത്തിനുണ്ട്.
30 കിലോ തുക്കമുണ്ട്. രണ്ടു പേര്‍ക്ക് സുഖമായി സവാരി നടത്താം. മേസ്തിരിപ്പണിക്കാരനായിരുന്ന കുഞ്ഞങ്കന് കടനാട്ടിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സൈക്കിള്‍ അഭ്യാസിയായ കുഞ്ഞങ്കന് മുമ്പ് വെള്ളത്തിലൂടെ സൈക്കിള്‍ ഓടിച്ച് ജനശ്രദ്ധ നേടിയിട്ടുണ്ട്.
സൈക്കിളില്‍ വീപ്പകെട്ടി ഹെലികോപ്റ്റര്‍ രൂപത്തിലാക്കി വെള്ളത്തിലിറക്കും. സൈക്കിളില്‍ കയറുമ്പോള്‍ ബാക്ക് വീല്‍ താഴും, പിന്നെ സൈക്കിള്‍ ചവിട്ടുമ്പോള്‍ മുന്നോട്ടു പോകും.
14 മുതല്‍ 20 വരെ കടനാട് ചെക്ക്ഡാമില്‍ നടക്കുന്ന കുട്ടവഞ്ചി ജലോത്സവത്തിന്റെ പൈലറ്റായി കുഞ്ഞങ്കന് താന്‍ സ്വന്തമായി നിര്‍മിച്ച ചുണ്ടന് വള്ളത്തില്‍ ഉണ്ടാകും.
