കൊച്ചി: അടിയന്തരഘട്ടങ്ങളില്‍ പോലീസ് സഹായം ആവശ്യപ്പെട്ട് കേരള പോലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 112 ലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയത് 19,33,147 കോളുകള്‍. ഇതില്‍ സംസ്ഥാനമൊട്ടാകെ പോലീസിന്റെ സേവനം ഉടന്‍ ആവശ്യമെന്നു തോന്നുന്ന 600 കോളുകളിലാണ് പ്രതിദിനം കേസ് എടുക്കുന്നത്.
ബാക്കിയുള്ളവ വിവരങ്ങള്‍ നല്‍കാനും അന്വേഷണങ്ങള്‍ക്കും മറ്റുമായി എത്തുന്ന കോളുകളാണ്. 112 ലേക്ക് ഏറ്റവുമധികം കോളുകള്‍ വരുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. രണ്ടാം സ്ഥാനം എറണാകുളത്തിനാണ്. കൊല്ലം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളാണ് തൊട്ടു പിന്നാലെയുള്ളത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നാഷണല്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സിസ്റ്റത്തിനു (ദേശീയ അടിയന്തര പ്രതികരണ പദ്ധതി) കീഴിലാണ് എമര്‍ജന്‍സി റസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്) എന്ന പുതിയ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.
രാജ്യത്തെ നിലവിലുള്ള എല്ലാ അടിയന്തര സഹായ നമ്പറുകളും 112 എന്ന ഒറ്റ ടോള്‍ഫ്രീ നമ്പറിലേക്ക് സംയോജിപ്പിച്ചു കൊണ്ടാണ് ഈ പദ്ധതി. 112 ലേക്ക് പൗരന്മാരില് നിന്നും ലഭിക്കുന്ന ശബ്ദ സന്ദേശങ്ങള്‍, എസ്എംഎസു കള്‍, ഇ മെയില്‍, പാനിക് എസ്ഒഎസ് സന്ദേശങ്ങള്‍, വെബ് അപേക്ഷകര്‍ എന്നിങ്ങനെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് ലഭിക്കുന്ന വിവിധ സന്ദേശങ്ങള്‍ എത്രയും വേഗം സ്വീകരിച്ച് സാധ്യമായ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇആര്എസ്എസി ന് രൂപം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് നിലവില്‍ ഈ പദ്ധതിയുമായി സമന്വയിപ്പിച്ചിട്ടുള്ള ഏക വകുപ്പ് പോലീസ് ആണ്. ഇതിന്റെ സംസ്ഥനതല കണ്ട്രോള് റൂം, സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്റര്‍ എന്ന പേരില്‍ തിരുവനന്തപുരത്തുള്ള പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ജില്ലകളിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍, പ്രത്യേകിച്ചും കണ്ട്രോള് റൂമുകളില്‍ ജില്ലാതല ഏകോപന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
നേരംപോക്കിനു വിളിച്ചാല്‍…
നേരം പോക്കിനു വിളിക്കുന്നവരെ പോലീസ് പൊക്കും. 112 ലേക്ക് വിളിച്ച് പോലീസുകാരെ ചീത്തവിളിക്കുക, അര്‍ധരാത്രിയില്‍ വനിതാപോലീസുകാരോട് മോശമായി സംസാരിക്കുക, തെറ്റായ വിവരം നല്കുന്ന എന്നിവയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഇത്തരക്കാരുടെ നേരംപോക്കിനിടയില്‍ പലപ്പോഴും ആവശ്യക്കാരുടെ കോളുകള്‍ യഥാസമയം പോലീസിന് ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സീമ മോഹന്‍ലാല്‍
