ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തു മാഫിയയുമായി ബന്ധം ! ബാലഭാസ്‌കറിന് അപകടം സംഭവിക്കുമ്പോള്‍ സംഭവസ്ഥലത്ത് സരിത്ത് ഉണ്ടായിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി…

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം പുതിയ വഴിത്തിരിവിലേക്ക്. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സമയം സംഭവസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവെന്ന് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍.

മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്ത് സരിത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞതെന്നും സോബി പറയുന്നു. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി പോയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.

പിന്നീട് ഡിആര്‍ഐ ചില സ്വര്‍ണക്കടത്തുകാരുടെ ഫോട്ടോകള്‍ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തില്‍ ഇല്ലായിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.

ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആര്‍ഐ അന്വേഷണം നടത്തിവരികയാണ്.

25 കിലോ സ്വര്‍ണം കടത്തിയ സംഘത്തില്‍ മുന്‍ മാനേജര്‍ ഉള്‍പ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്.

കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും ഡ്രൈവര്‍ അര്‍ജുനും പരിക്കേറ്റിരുന്നു.

അപകടം നടന്ന് 10 മിനിറ്റിനകം താന്‍ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി. ബാലഭാസ്‌കറിന്റെ വണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു.

തന്റെ വാഹനം മുന്നോട്ടുപോയപ്പോള്‍ ഇടതു വശത്ത് ഒരാള്‍ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാള്‍ ബൈക്ക് തള്ളുന്നു. അപകടത്തില്‍പ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു.

അവര്‍ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോള്‍ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോള്‍ കുറച്ച് ആളുകള്‍ വണ്ടിയുടെ ബോണറ്റില്‍ അടിച്ച് വണ്ടിയെടുത്ത് മാറ്റാന്‍ ആക്രോശിച്ചു.

ലൈറ്റിന്റെ വെട്ടത്തില്‍ അവരുടെ മുഖം വ്യക്തമായി കണ്ടു. ചുവന്ന ടീഷര്‍ട്ട് ധരിച്ച് കണ്ണട വച്ചൊരാള്‍ റോഡിന്റെ സൈഡില്‍നിന്നത് സരിത്താണെന്നാണു സോബി പറയുന്നത്.

സരിത് കൂട്ടത്തില്‍ നിന്നു മാറിനില്‍ക്കുകയായിരുന്നുവെന്നും മറ്റെല്ലാവരും തെറി വിളിച്ചപ്പോഴും സരിത് അനങ്ങിയില്ലെന്നും ഇതാണ് ആ രൂപം പെട്ടെന്ന് ഓര്‍മിക്കാന്‍ കാരണമെന്നും സോബി പറയുന്നു.

അതേസമയം, കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ആവശ്യപ്പെട്ടു.

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. മകനെ ബലിയാടാക്കി സ്വര്‍ണം കടത്തിയതാണോ എന്ന് അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment