സംസ്ഥാനത്ത് വൻ കള്ളനോട്ട് സംഘം പിടിയിൽ; രണ്ടു ജില്ലകളിൽ നിന്നായി പോലീസ് പിടിച്ചെടുത്തത് 18 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വ്യാജ നോട്ടുകൾ പ്രചരിപ്പിച്ച വൻ കള്ളനോട്ട് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങലിൽ നിന്നാണ് നാലംഗ സംഘം പിടിയിലായത്. ഇവരിൽ നിന്നും 6.75 ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെടുത്തു.

ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെ നോട്ടുകൾ അച്ചടിച്ചത് കോഴിക്കോട്ടാണെന്ന് വ്യക്തമായി. തുടർന്ന് കോഴിക്കോട്ട് നടത്തിയ റെയ്ഡിലും വൻ തോതിൽ കള്ളനോട്ട് കണ്ടെത്തി. ഇവിടെ നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോഴിക്കോട് സ്വദേശി ഷമീർ എന്നയാളാണ് സംഘത്തിലെ പ്രധാനി. ഇയാളുടെ കോഴിക്കോട്ടെ വീട്ടിൽ നിന്നും വ്യാജ നോട്ടുകൾ അച്ചടിക്കുന്ന ഉപകരമങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവിടെ അടിച്ച നോട്ടുകൾ തിരുവനന്തപുരത്ത് വിതരണം ചെയ്യാൻ എത്തിക്കുന്നതിനിടെയാണ് ആറ്റിങ്ങലിൽ വച്ച് സംഘം പിടിയിലായത്. കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ തിരുവനന്തപുരത്തെ വീട്ടിലും റെയ്ഡ് തുടരുകയാണ്.

2,000, 500, 200 രൂപയുടെ കള്ളനോട്ടുകളാണ് സംഘം നിർമ്മിച്ചിരുന്നത്. അന്തർസംസ്ഥാന ബന്ധമുള്ള സംഘമാണ് വലയിലായിരിക്കുന്നതെന്നാണ് പോലീസിന്‍റെ നിഗമനം. കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Related posts