സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ ബോളിവുഡിലേക്ക്. ബിഗ് ബജറ്റിൽ ഒരുക്കുന്ന രൺവീർ സിംഗ് നായനാകുന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം.
300 കോടി ബജറ്റിൽ ഒരുക്കുന്ന പ്രളയ് എന്ന സർവൈവൽ ത്രില്ലർ വിചിത്രരൂപികൾക്കിടയിൽ പെട്ടുപോകുന്ന ദന്പതികളുടെ കഥയാണ് പറയുന്നത്. തകർന്നടിഞ്ഞ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണു കഥ. വൈകാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓസ്ട്രേലിയയിൽ ആരംഭിക്കുമെന്നാണു റിപ്പോർട്ടുകൾ.
2013ൽ ഒരു ഹിന്ദി സിനിമയിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണു തുടക്കം. 2016ൽ ഒരു തമിഴ് സിനിമയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. 2017ൽ റിലീസായ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തി.
2020ൽ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ലോകഃ എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവായത്. ഈ ചിത്രത്തോടെ പാൻ ഇന്ത്യൻ താരമായി കല്യാണി വളർന്നു.
